മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; കോണ്‍ഗ്രസുകാര്‍ക്ക് തീവ്രവാദ ബന്ധമെന്ന പൊലീസ് റിപ്പോര്‍ട്ട്; നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി;സി.ഐ അവധിയില്‍ പ്രവേശിച്ചു

കൊച്ചി: ആലുവയില്‍ മൊഫിയ പര്‍വീണിന്റെ ആത്മഹത്യ കേസില്‍ പ്രതിഷേധം നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധം ആരോപിച്ച പൊലീസ് റിപ്പോര്‍ട്ടില്‍ നേരിട്ടിടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി വിശദീകരണം തേടി. ആലുവ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. സംഭവത്തില്‍ കേസ് ഫയലുകള്‍ മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്തു. കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയെയും ഡി.വൈ.എസ്.പിയെയും മുഖ്യമന്ത്രി വിളിപ്പിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.ആത്മഹത്യയില്‍ സി.ഐയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് അതി ഗുരുതരമായ ആരോപണം ഉന്നയിച്ചത്.കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്ന് സംശയിക്കുന്നു എന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.ഈ റിപ്പോര്‍ട്ട് അടക്കം മുഖ്യമന്ത്രി പരിശോധിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ആലുവ സി.ഐ. സൈജു പോള്‍ അവധിയില്‍ പ്രവേശിച്ചു.സംഭവത്തില്‍ കസ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ സി.ഐക്ക് വീഴ്ച സംഭവിച്ചു എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍
റൂറല്‍ എസ് പി തന്നെ നേരത്തെ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത് ആരോഗ്യകാരണത്താലാണെന്നും കേസുമായി ബന്ധപ്പെട്ടല്ലെന്നുമാണ് പൊലീസുകാര്‍ നല്‍കുന്ന വിവരം.
മോഫിയയുടെ ആത്മഹത്യയില്‍ സി.ഐക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിച്ച് സമരംചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചത്.

© 2024 Live Kerala News. All Rights Reserved.