മോഫിയയുടെ ആത്മഹത്യ;സി.ഐ സുധീറിനെ സസ്‌പെന്റ് ചെയ്തു; വകുപ്പുതല അന്വേഷണം

ആലുവ:നിയമ വിദ്യാര്‍ത്ഥിനി ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ സി.ഐ സുധീറിനെ സസ്പെന്റ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഡിജിപിയുടെ നടപടി. സി.ഐക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല.മോഫിയയുടെ പരാതിയില്‍ സി.ഐ സുധീര്‍ കേസെടുക്കാന്‍ വൈകിയെന്നും, ഗുരുതര വീഴ്ച വരുത്തിയെന്നും വ്യക്തമാക്കുന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നും, സിഐ അധിക്ഷേപിച്ചുവെന്നും മോഫിയ ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നു. സംഭവത്തിന് പിന്നാലെ സിഐ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സിഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.