ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും;കെഎസ് ആര്‍ടിസി പണിമുടക്ക് തുടങ്ങി; പണിമുടക്കില്‍ ജനം വലഞ്ഞു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. ശബള പരിഷ്‌കരണം നടപ്പാക്കാത്തതിന് പ്രതിഷേധിച്ചാണ് പണിമുടക്ക്. കെഎസ്ആര്‍ടിസിയുടെ അംഗീകൃത യൂണിയനുകളാണ് പണിമുടക്കുന്നത്. ഇന്നും നാളേയും ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ വേതനം ശമ്പളത്തില്‍ നിന്ന് പിടിക്കുമെന്ന് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിരുന്നു.പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി മാത്രമെ ഉണ്ടാവുകയൊളളു. ശമ്പള പരിഷ്‌കരണം അനന്തമായി നീളുന്നതാണ് തൊഴിലാളികളെ പണിമുടക്കിലേക്ക് നയിച്ചത്.ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകളെയെല്ലാം ബാധിച്ചതോടെ പണിമുടക്കില്‍ ജനം വലഞ്ഞു.സർവ്വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ബസ് സ്റ്റാന്റുകളില്‍ എത്തിയതിന് ശേഷം മടങ്ങുന്ന കാഴ്ച്ചയാണ് പലയിടങ്ങളിലും കാണാനായത്. എല്ലാ ഡിപ്പോകളിലേയും യൂണിറ്റ് ഓഫീസര്‍മാര് ഇന്ന് ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം കെഎസ്ആര്‍ടിസി നല്‍കിയിട്ടുണ്ട്. എല്ലാ യൂണിറ്റുകളിലേയും കാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കണം, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നും കെഎസ്ആര്‍ടിസി നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുളള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുളളത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്ലോയീസ് സംഘും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവും ഭരണ-പ്രതിക്ഷ തൊഴിലാളി സംഘടനകളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് ആരംഭിച്ചത്.

© 2025 Live Kerala News. All Rights Reserved.