അക്ഷരലോകം തുറന്നു; ഒന്നര വര്‍ഷത്തിനു ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നത്; പത്ത് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെത്തും

തിരുവനന്തപുരം: കോവിഡ് എന്ന മഹാമാരി മൂലം ഒന്നര വര്‍ഷത്തെ തുടര്‍ച്ചയായ അടച്ചിടലിനു ശേഷം കേരളപ്പിറവി ദിനത്തില്‍ വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നു. എല്ലാം സ്‌കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷപൂര്‍വമായി തന്നെ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കും. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം. കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് സ്‌കൂളില്‍ തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകള്‍ 15നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി 42,65,273 വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ എത്തുക. പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാന്‍. ആശങ്കയുള്ള രക്ഷാകര്‍ത്താക്കള്‍ സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് കുട്ടികളെ അയച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.അധ്യാപക ക്ഷാമമുള്ള ഇടങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനും 1800ഓളം പ്രധാനാധ്യാപകരെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ നിയമിക്കാനും നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു.കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ നവംബര്‍ 12 വരെ പുതിയ സമയക്രമത്തിലായിരിക്കും. ജി-സ്യൂട്ട് പ്ലാറ്റ്ഫോം വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസിനായി എല്ലാ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ലോഗിന്‍ വിലാസം നല്‍കിക്കഴിഞ്ഞു. നവംബര്‍ ആദ്യവാരത്തോടെ 8, 9 ക്ലാസുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐഡി നല്‍കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ടു ഡോസ് വാക്സിന്‍ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരില്ലാത്തയിടങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കാന്‍ അനുമതിനല്‍കി.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602