ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട 10 കുറ്റവാളികളുടെ ചിത്രം ഗൂഗിളില്‍ തിരയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും വരുന്നതില്‍ ഗൂഗിള്‍ ക്ഷമ ചോദിച്ചു. ഏതെങ്കിലും രീതിയിലുള്ള ആശയക്കുഴപ്പമോ തെറ്റിദ്ധാരണയോ ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് ഗൂഗിള്‍ പറഞ്ഞത്.
ഇത്തരത്തില്‍ തെറ്റായ ചിത്രം കയറിവരുന്നത് ഗൂഗിളിന്റെ പ്രശ്‌നമല്ല. ചില ചിത്രങ്ങള്‍ തിരയുമ്പോള്‍ ലഭിക്കുന്ന മറുപടിയില്‍ ഞങ്ങളും അത്ഭുതപ്പെടാറുണ്ട്. മോദിയുടെ ചിത്രവുമായി ബന്ധപ്പെട്ട് ക്ഷമ ചോദിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കും. ഗൂഗിള്‍ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. ബ്രിട്ടീഷ് ദിനപത്രം മോദിയുടെ ചിത്രം തെറ്റായി നല്‍കിയതു കൊണ്ടാണ് ഇന്ത്യയിലെ 10 കുറ്റവാളികളുടെ ചിത്രം തിരയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കയറിവരാന്‍ കാരണമെന്നും ഗൂഗിള്‍ വിശദീകരിക്കുന്നു.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മോദി പ്രസ്താവന നടത്തുകയോ അഭിപ്രായം പങ്കുവയ്ക്കുകയോ ചെയ്യുമ്പോള്‍ വാര്‍ത്തകള്‍ക്ക് നല്‍കുന്ന ലിങ്കില്‍ തെറ്റായ പ്രയോഗമാണ് നടത്തുന്നത്. ഇത്തരം ലിങ്കുകളില്‍ നിന്നും ഗൂഗിള്‍ സെര്‍ച്ചില്‍ മോദിയുടെ തെറ്റായ ചിത്രം കയറുന്നുവെന്നും ഗൂഗിള്‍ വ്യക്തമാക്കി.