ശബരിമല ഉള്‍പ്പടെ ദേവസ്വം ബോര്‍ഡിന്‍റെ ആകെ വരവ് 683 കോടി, ചിലവ് 678 കോടി; വരുമാനത്തിന്‍റെ വസ്തുതകള്‍ നിരത്തി മന്ത്രി കടകംപള്ളി

തിരുവനന്തപുരം: 2017-18 കാലയളവിൽ ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആകെ ലഭിച്ചത് 683 കോടി രൂപയെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ദേവസ്വം ബോർഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളിൽ ചിലവിനെക്കാള്‍ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളിൽ മാത്രമാണ്. 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത് ശബരിമല ഉൾപ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സർക്കാർ സഹായവും ഉപയോഗിച്ചാണെന്നും മന്ത്രി പറഞ്ഞു.

ഈ കാലയളവിൽ ശബരിമലയില്‍ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതില്‍ 73 കോടി രൂപ ശബരിമലയിലെ ചെലവുകള്‍ക്കായി വിനിയോഗിച്ചു. പ്രതിവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്നത് 133 കോടി രൂപയാണ്. ശമ്പളം, പെൻഷൻ ഇനത്തിൽ ആകെ ചിലവാക്കുന്ന 487 കോടി രൂപ ഉൾപ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വേണ്ടി വന്നത് 678 കോടി രൂപയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും, ശബരിമലയിലെയും പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നുവെന്ന വ്യാജപ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് വരവ് ചെലവ് കണക്കുകള്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോർഡിന്റെ കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്, അതില്‍ സംസ്ഥാന സര്‍ക്കാര്‍ കൈ കടത്താറില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 70 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നല്‍കിയത്. റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്. വസ്തുതകള്‍ ഇതായിരിക്കേ, തെറ്റിദ്ധാരണകള്‍ പരത്തി ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും, നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.