സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധന നല്ല ഉദ്ദേശത്തോടെയല്ല; അന്വേഷണങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നില്ല; സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് റെയ്ഡുകളെ കാണേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് നടത്തിയ പരിശോധനകള്‍ നല്ല ഉദ്ദേശത്തോടെയല്ലെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡുകളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാതരം പരിശോധനകളെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നില്ല. തെറ്റായതെന്തെങ്കിലും അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ തിരുത്തും. ബി.ജെ.പിയും കേന്ദ്രവും സഹകരണ ബാങ്കുകള്‍ക്കെതിരെ നടത്തിയ പ്രചാരണങ്ങളുടെ പുകമറ തകര്‍ക്കാന്‍ അന്വേഷണങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലാ സഹകരണ ബാങ്കുകളില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ഇന്നലെ പരിശോധന നടത്തിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നവംബര്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലായി എത്തിയ 266 കോടി രൂപയുടെ നിക്ഷേപത്തില്‍ ഭൂരിഭാഗത്തിനും കൃത്യമായ രേഖകളില്ലെന്ന് സി.ബി.ഐ കണ്ടെത്തി.

© 2024 Live Kerala News. All Rights Reserved.