ഭൂമിദാന വിവാദം: മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മൗനം പാലിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരിക്കേ സ്വകാര്യ ട്രസ്റ്റിന് നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയില്ല. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ചെന്നിത്തല ഭൂമി പതിച്ചു നല്‍കിയതിന്നെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറിയത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം, ശബരിമല സ്ത്രീപ്രവേശനം എന്നിവയെ എതിര്‍ത്ത ചെന്നിത്തല ഭൂമി പതിച്ചു നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ എഴുന്നേറ്റു പോയി. ആഭ്യന്തര മന്ത്രിയായിരിക്കേ ചെന്നിത്തല തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ അഞ്ചേക്കര്‍ ഭൂമി 30 വര്‍ഷത്തേക്ക് ചിന്താലയ ആശ്രമ ട്രസ്റ്റിന് പാട്ടത്തിന് നല്‍കിയിരുന്നു. ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. കോണ്‍ഗ്രസിന് അടുത്ത ബന്ധമുണ്ട് എന്ന ഏക കാരണത്താലാണ് ഈ ട്രസ്റ്റിന് ഭൂമി നല്‍കിയത്. ധന, റവന്യൂ, നിയമവകുപ്പിന്റെയും ജയില്‍ ഡിജിപിയുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് സ്വകാര്യ ട്രസ്റ്റിന് ജയില്‍ഭൂമി പതിച്ചുനല്‍കിയത്.

© 2023 Live Kerala News. All Rights Reserved.