ഭൂമിസംബന്ധമായ കേസുകളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഗൗരവകരം; സര്‍ക്കാരിനെതിരെ അന്വേഷണം വേണമെന്ന് ചെന്നിത്തല

ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേണ്ട വിധത്തില്‍ കേസ് നടത്താതെയും സുപ്രധാന രേഖകള്‍ കോടതിയില്‍ ഹാജരാക്കാതെയും ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്നു ചെന്നിത്തല ആരോപിച്ചു.

കേസ് നല്ലരീതിയില്‍ കൈകാര്യം ചെയ്തിരുന്ന സര്‍ക്കാര്‍ പ്ലീഡര്‍ സുശീലാ ഭട്ടിനെ മാറ്റിയതു കേസുകള്‍ അട്ടിമറിക്കാനാണെന്നും ഭൂമി ക്കേസുകളില്‍ സര്‍ക്കാരിന്റെ നിരന്തര പരാജയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹാരിസണ്‍ എസ്റ്റേറ്റില്‍ 38,000 ഏക്കര്‍ കൂടി നഷ്ടപ്പെടുത്തിയിരിക്കുന്നത് പൊന്തന്‍പുഴയില്‍ 7000 ഏക്കര്‍ വനഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതിനു പിന്നാലെയാണു. 6000 ഏക്കറുളള പെരുവന്താനം ടിആര്‍ ആന്റ് ടി തോട്ടത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ തോറ്റു. തുടര്‍ച്ചയായി എങ്ങനെ ഭൂമി കേസുകളില്‍ സര്‍ക്കാരിനു തോല്‍വി ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം ചെന്നിത്തല ആവശ്യപ്പെട്ടു.

ഹാരിസണ്‍ കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ കേസ് വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്തതാണ്. സര്‍ക്കാരിന് അനുകൂലമാകുന്ന തരത്തില്‍ കേസ് എത്തിക്കുകയും ചെയ്തിരുന്നു.

ഡോ രാജമാണിക്യത്തെ സ്‌പെഷ്യല്‍ കമ്മീഷനായി നിയമിച്ച് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇടതു മുന്നണി അധികാരത്തിലേറിയശേഷം കേസുകളെല്ലാം അട്ടിമറിക്കുന്നതിനുള്ള നടപടികളാണു സ്വീകരിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.