പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തിന് നിന്നും നീക്കാന്‍ പനീര്‍ശെല്‍വം : ടി.ടി.വി. ദിനകരന്‍

ചെന്നൈ: വിവാദ പ്രസ്ഥാവനയുമായി അമ്മ മക്കള്‍ മുന്നേറ്റകഴകം നേതാവ് ടി.ടി.വി. ദിനകരന്‍ രംഗത്ത്.എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തിന് നിന്നും താഴെയിറക്കാന്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തന്റെ സഹായം തേടിയെന്ന് ടി.ടി.വി. ദിനകരന്‍. ദിനകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച ഒപിഎസ്, മറ്റ് ആരോപണങ്ങള്‍ നിഷേധിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് ഒ പി എസ്സുമായി കൂടിക്കാഴ്ച നടത്തിയെന്നും ശശികലക്കെതിരെ പറഞ്ഞതിനും ചെയ്തതിനും എല്ലാം ക്ഷമ ചോദിച്ച ഒപിഎസ് എടപ്പാടിയെ താഴെയിറക്കാന്‍ സന്നദ്ധത അറിയിച്ചതായും ടിടിവി പറഞ്ഞു. കഴിഞ്ഞ മാസവും ഒപിഎസ്സിന്റെ സുഹൃത്ത് കൂടിക്കാഴ്ചക്ക് സമയം ചോദിച്ചുവെന്നും ടിടിവി ദിനകരന്‍ ആരോപിച്ചു. ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച ഒപിഎസ്, പക്ഷെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ദിനകരന്‍ നിര്‍ബന്ധിച്ചതോടെ പിന്‍വാങ്ങിയെന്നാണ് അവകാശപ്പെടുന്നത്.

എടപ്പാടിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഇറക്കിവിട്ട്, തനിക്ക് മുഖ്യമന്ത്രിയാകണമെന്ന ഉദ്ദേശത്തോടെയാണ് ടിടിവി സംസാരിച്ചത്..അതോടെ ഞാന്‍ പിന്‍വാങ്ങി. ഒപിഎസ് പറഞ്ഞു. പിന്നീട് ടി ടി വിയെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞ ഒപിഎസ് കുറുക്കുവഴിയിലൂടെ തനിക്ക് മുഖ്യമന്ത്രിയാകേണ്ടെന്നും വ്യക്തമാക്കി.എഐഡിഎംകെയിലെ ആഭ്യന്തരകലഹങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.