ശശികലയെ പുറത്താക്കി; ദിനകരനെ മാറ്റി; പാര്‍ട്ടി പിടിക്കാന്‍ ഒപിഎസ് വിഭാഗത്തിന്റെ നീക്കം

ചെന്നൈ : എടപ്പാടി പഴനിസാമി മന്ത്രിസഭ നിയമസഭയില്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കേ തമിഴകത്ത് പുതിയ സംഭവവികാസങ്ങള്‍. അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയേയും ടി.ടി.വി ദിനകരനെയും വെങ്കിടേഷിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഒ.പനീര്‍ശെല്‍വം പക്ഷത്തിന്റെ പ്രഖ്യാപനം.
ശശികല നിയമിച്ച അവരുടെ ബന്ധുകൂടിയായ ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്.അണ്ണാ ഡിഎംകെ ഭരണഘടന പ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്ക് മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. എന്നാല്‍, ഇതിന് വിരുദ്ധമായാണ് ശശികല തത്സ്ഥാനത്ത് എത്തിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടി. പനീര്‍ശെല്‍വം പക്ഷത്തിന്റെ പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി വാര്‍ത്താ കുറിപ്പ് ഇറക്കിയത്. ഇടക്കാല ജനറല്‍ സെക്രട്ടറി എന്നൊരു പദവി അണ്ണാ ഡിഎംകെയില്‍ ഇല്ല. ഇതിനെതിരെയാണ് ശശികലയുടെ പദവി. പുതിയ ജനറല്‍ സെക്രട്ടറിയ്ക്ക് മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളില്‍ നിന്നു മാറ്റാന്‍ കഴിയൂ. അതുകൊണ്ടു തന്നെ ശശികലയ്ക്ക് പുറത്താക്കാന്‍ കഴിയില്ലെന്നാണ് മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.പനീര്‍ശെല്‍വത്തെ പിന്തുണച്ചതോടെയാണ് മധുസൂദനനെ പ്രിസിഡിയം സ്ഥാനത്തു നിന്നും മാറ്റിയത്. ശശികല പക്ഷക്കാരനായ സെങ്കോട്ടയ്യനാണ് പകരം ചുമതല നല്‍കിയത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇ പളനിസാമി നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് പനീര്‍ശെല്‍വം പക്ഷം ശശികല അടക്കമുള്ളവരെ പുറത്താക്കിയിട്ടുള്ളത്.

© 2023 Live Kerala News. All Rights Reserved.