എഐഎഡിഎംകെയുടെ ട്രഷറര്‍ താന്‍ തന്നെ;പാര്‍ട്ടി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ വേറെയാരെയും അനുവദിക്കരുതെന്ന് ബാങ്കുള്‍ക്ക് പനീര്‍ശെല്‍വത്തിന്റെ നിര്‍ദ്ദേശം;കത്ത് ട്രഷറര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ

ചെന്നൈ: എഐഎഡിഎംകെയുടെ ട്രഷറര്‍ താന്‍ തന്നെയാണെന്നും പാര്‍ട്ടി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ വേറെയാരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പനീര്‍സല്‍വം ബാങ്കുകള്‍ക്ക് കത്തെഴുതി.ശശികല തന്നെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് അനധികൃതമായാണ്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് തന്നെ പുറത്താക്കാനാവില്ല. അതുകൊണ്ട് തന്റെ രേഖാമൂലമുള്ള അറിയിപ്പില്ലാതെ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആരേയും അനുവദിക്കരുതെന്നാണ് കരൂര്‍ വൈശ്യാ ബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യക്കും അയച്ച കത്തില്‍ പറയുന്നത്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് വരെ നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ തുടരണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും പനീര്‍ സെല്‍വം പറയുന്നു.കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ പനീര്‍ശെല്‍വത്തെ നീക്കിയതായി ശശികല പ്രഖ്യാപിച്ചിരുന്നു. പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെയായിരുന്നു ഈ നടപടി. പോയസ് ഗാര്‍ഡനില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലായിരുന്നു തീരുമാനമുണ്ടായത്. പകരം വനം മന്ത്രി ഡിണ്ടുഗല്‍ സി ശ്രീനിവാസനെ ട്രഷററായി നിയമിക്കുകയും ചെയ്തിരുന്നു.