പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; അമേരിക്കൻ ഭീഷണിക്കിടെ മിസൈൽ കരാറിൽ ഒപ്പുവെച്ചേക്കും

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും. റഷ്യയില്‍ നിന്ന് എസ്. 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ചേക്കുംമെന്നാണ് വിവരം. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ഭീഷണിക്കിടയിലാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം..

19ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായി ചര്‍ച്ച നടത്തും. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ളവ പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും. അമേരിക്കന്‍ ഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.

39,000 കോടി രൂപയുടെ ഇടപാടാകും ഒപ്പു വയ്ക്കുക. റഫാലിനൊപ്പം എസ് 400 മിസൈൽ സംവിധാനം കൂടി വരുന്നതോടെ മേഖലയിലെ സൈനിക ബലാബലം മാറിമറയും എന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.