റഷ്യയിൽ അഞ്ചാം വട്ടവും പുടിൻ തന്നെ, സ്വന്തമാക്കിയത് 88 ശതമാനം വോട്ടുകൾ

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വ്ളാദിമിർ പുടിന് തന്നെ. ഇതോടെ അഞ്ചാം തവണയും പുടിൻ റഷ്യയുടെ അധികാരത്തിലെത്തി. 87.97 ശതമാനം വോട്ടുകൾ നേടിയാണ് പുടിന്റെ വിജയം. 2030 വരെ ആറ് വർഷം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം. ഇതോടെ സ്റ്റാലിന് ശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവാകുകയാണ് പുടിൻ.

പുടിൻ പ്രസിഡന്റാകുന്നതിനെതിരെ റഷ്യയിൽ വലിയ പ്രതിഷേധം നടന്നിരുന്നു. പുടിനെതിരെ നൂൺ എഗെയ്ൻസ്റ്റ് പുടിൻ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. റഷ്യയിലെ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്. ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യുലിയ ബെർലിനിൽ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. കൈയടികളോടെയാണ് പ്രതിഷേധക്കാർ യൂലിയയെ സ്വീകരിച്ചത്.മരിക്കുന്നതുവരെയും പുടിന്റെ ഏകപക്ഷീയ വിജയങ്ങൾക്കെതിരെ നവൽനി പോരാട്ടം നടത്തിയിരുന്നു. ഈ പോരാട്ടത്തിന്റെ തുടർച്ചയാണ് നൂൺ എഗെയ്ൻസ്റ്റ് പുടിൻ. പ്രതിഷേധക്കാർ ബാലറ്റ് നശിപ്പിക്കുകയോ, പുടിന്റെ മൂന്ന് എതിർ സ്ഥാനാർത്ഥികളിലൊരാൾക്ക് വോട്ട് ചെയ്യുകയോ ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്ത് നവൽനിയുടെ അനുയായികൾ സമാധാനപരമായി പ്രതിഷേധത്തിന്റെ ഭാഗമായ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.