പാക്കിസ്ഥാന്റെ 13-ാമത്തെ പ്രസിഡന്റായി ഡോ. ആരിഫ് അല്‍വി തിരഞ്ഞെടുക്കപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റായി തെഹ് രീകെ ഇന്‍സാഫ് സ്ഥാപക നേതാക്കളില്‍ ഒരാളാായ ഡോ. ആരിഫ് അല്‍വിയെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് മംമ്‌നൂന്‍ ഹുസൈന്റെ കാലാവധി സെപ്തംബര്‍ എട്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ആരിഫ് ആല്‍വിയുടെ സ്ഥാനാരോഹണം. പാക്കിസ്ഥാന്റെ 13ാമത്തെ പ്രസിഡന്റാണ് ആരിഫ് ആല്‍വി.

പാക്കിസ്ഥാന്‍ ദേശീയ സഭയിലും സെനറ്റിലുമായി നടന്ന വോട്ടെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ആല്‍വി തിരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 430 വോട്ടില്‍ 212ഉം ആല്‍വിക്ക് ലഭിച്ചു. എതിര്‍സ്ഥാനാര്‍ഥികളായ അഹ്‌സാന്‍, ഫസല്‍ റഹ്മാന്‍ എന്നിവര്‍ക്ക് യഥാക്രമം 81ഉം 131ഉം വോട്ടുകളാണ് ലഭിച്ചത്.

2006 മുതല്‍ 2013 വരെ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ദന്ത ഡോക്ടര്‍ കൂടിയായ ആരിഫ് ആല്‍വി. ഇക്കഴിഞ്ഞ ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ നിന്ന് ദേശീയ സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടക്കപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.