നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 200 രൂപ വര്‍ധിപ്പിച്ചു; പരുത്തി, പയര്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകളുടെയും താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു

ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 200 രൂപ വര്‍ധിപ്പിച്ചു കേന്ദ്രസര്‍ക്കാര്‍. താങ്ങുവിലയില്‍ 11 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ 1550 രൂപയാണ് നെല്ലിന്റെ താങ്ങുവില. ഒപ്പം എല്ലാത്തരം ഖാരിഫ് വിളകള്‍ക്കും താങ്ങുവില വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പരുത്തി, പയര്‍ല വര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകള്‍ക്കാണ് താങ്ങുവില വര്‍ധിപ്പിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താങ്ങുവിലയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം.

കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദന ചിലവിനേക്കാള്‍ 50 ശതമാനം അധികം നല്‍കുമെന്ന് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കരിമ്പുകര്‍ഷകരെ കണ്ട പ്രധാനമന്ത്രി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഖാരിഫ് വിളകള്‍ക്ക് ഇത്രയും വലിയ താങ്ങുവില നല്‍കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.