ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ ആരേയും അനുവദിക്കില്ല; ചൈനയ്ക്ക് മുന്നറിപ്പുമായി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ചൈനയുടെ കടന്നു കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ആരുടെയും ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ താല്‍പര്യമില്ലെന്നും പ്രകോപനത്തിന് ശ്രമിക്കുന്നവര്‍ക്ക് തക്ക മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലഡാക്കിലെ റെസാങ് ലായിലെ നവീകരിച്ച യുദ്ധസ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1962ലെ ഇന്ത്യ ചൈന യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ പേരുകള്‍ക്കൊപ്പം 2020ല്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ചവരുടെയും പേരുകള്‍ ചേര്‍ത്താണ് റെസാങ് ലാ സ്മാരകം നവീകരിച്ചത്.
അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലും ദോക് ലായിലും ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ദോക്ലാമില്‍ ഭൂട്ടാന്റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയേറി ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവെന്നാണ് വ്യക്തമാകുന്നത്.
നേരത്തെ അരുണാചല്‍പ്രദേശില്‍ തന്നെ ചൈന ഭൂമി കൈയേറി ഒരു ഗ്രാമം നിര്‍മിച്ചിരുന്നു. ഇതില്‍ നിന്ന് 93 കിലോമീറ്റര്‍ കിഴക്കായാണ് പുതിയ കൈയേറ്റം. ചൈനയുടെ കൈയേറ്റം അമേരിക്കന്‍ ഏജന്‍സിയായ പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.