മംഗളം ഫോണ്‍കെണി കേസ് എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍; മുന്‍ മന്ത്രിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളി

മംഗളം ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് വിധി. ശശീന്ദ്രന് എതിരായി പരാതി നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി മാറ്റിയിരുന്നു. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക കോടതിയെ അറിയിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതി ഇന്നു വിധി പറഞ്ഞത്. ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിമാറ്റം അംഗീകരിച്ച് കോടതി എല്ലാ ഹര്‍ജികളും തള്ളുകയായിരുന്നു. പരാതിയില്ലെന്ന മാധ്യപ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. കേസ് തള്ളിയതോടെ ശശീന്ദ്രന് ഒഴിവുള്ള മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് ആരും ശല്ല്യം ചെയ്തിട്ടില്ല. ഫോണില്‍ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് മന്ത്രിയായിരുന്ന ശശീന്ദ്രനാണോ എന്നുറപ്പില്ലന്നും പരാതിക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.