എ.കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍സിപി ഇന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും

ഫോൺകെണിക്കേസിൽ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍സിപി സംസ്ഥാനനേതൃത്വം ഇന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കുമെന്ന് പാർട്ടി ദേശീയ നേതാവ് പ്രഫുല്‍ പട്ടേൽ പറഞ്ഞു. മന്ത്രിയാക്കണമെന്നാവശ്യപ്പെടുന്ന കത്ത് സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റർ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും.

ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കേരള നേതാക്കളുമായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തി. കേസില്‍ അവസാന നിമിഷം ഹര്‍ജിയെത്തിയതില്‍ അസ്വാഭാവികതയുണ്ടെങ്കിലും യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കില്ലെന്നു ശശീന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കുവൈത്തിലായതിനാല്‍ മുന്‍മന്ത്രി തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുത്തില്ല. നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുൻപുതന്നെ ശശീന്ദ്രൻ മന്ത്രിസഭയിൽ‍ മടങ്ങിയെത്തുമെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ വ്യക്തമാക്കുന്നത്.

© 2025 Live Kerala News. All Rights Reserved.