പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആറുജില്ലകള്‍ പിടിച്ചടക്കാന്‍ ബിജെപി

 

കോട്ടയം: തദ്ദേശ തിര!ഞ്ഞെടപ്പില്‍ കേരളത്തില്‍ ആറു ജില്ലകളില്‍ മരണപോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോഡ്, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വീറുറ്റ പോരാട്ടത്തിനൊരുങ്ങുന്നത്. ബിജെപിയുടെ അംഗത്വ ക്യാംപെയിനില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ചേര്‍ന്ന ജില്ലകളാണ് ഇത്. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തിര!ഞ്ഞെടുപ്പില്‍ ജില്ലകളില്‍ ലഭിച്ച വോട്ടും ബിജെപിയ്ക്ക് ഊര്‍ജം പകരുന്നതാണ്.

അംഗത്വമെടുത്തവരെ നേരിട്ടുകാണുന്ന മഹാസമ്പര്‍ക്ക് ആഭിയാന്‍ കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യപ്രചരണവുമാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ ബിജെപിയില്‍ ചേര്‍ന്നത് ഏകദേശം അഞ്ചു ലക്ഷത്തിലധികം. അരുവിക്കര തിരഞ്ഞെടുപ്പിന് ശേഷം 35,000 പേര്‍ അംഗത്വമെടുക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴുകിയെത്തി. തൃശൂര്‍ (4 ലക്ഷം), പാലക്കാട് (3.5 ലക്ഷം),കാസര്‍കോഡ് (2.5 ലക്ഷം),കൊല്ലം (1.75 ലക്ഷം), പത്തനംതിട്ട( 80,000) എന്നിങ്ങനെയാണ് പ്രാഥമിക അംഗത്വ കണക്കുകള്‍.

ആര്‍എസ്എസ് നേരിട്ടു തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനെത്തിയതോടെ കൂടുതല്‍ കര്‍ശന നിര്‍ദേശങ്ങളും വന്നു. മല്‍സരത്തിനു ഗൗരവം പകരാന്‍ ബിജെപിയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളെല്ലാം പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങണമെന്നാണ് നിര്‍ദേശം. സംസ്ഥാനതലം മുതല്‍ വാര്‍ഡു തലം വരെ ആര്‍എസ്എസ് നേതാക്കള്‍ക്കും ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതല നല്‍കിയിട്ടുണ്ട്.

തോല്‍വി ഭയന്ന് ഭാരവാഹികള്‍ മല്‍സരിക്കാതിരിക്കരുതെന്നണ് കര്‍ശന നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 140 നിയോജകണ്ഡലങ്ങളിലെയും ഓരോ ബൂത്തിലും ബിജെപിക്ക് കിട്ടിയ വോട്ടുകളുടെ കണക്കെടുത്ത് മുന്‍ഗണന നിശ്ചയിച്ച് പ്രവര്‍ത്തനരൂപരേഖയും ബിജെപി തയാറാക്കിയിട്ടുണ്ട്.

കേരളത്തില്‍ ബിജെപിയുടെ അംഗത്വം 4.6 ലക്ഷത്തില്‍ നിന്ന് 21 ലക്ഷത്തിലേക്ക് കുതിച്ചതും ബിജെപിയ്ക്ക് വലിയ പ്രതീക്ഷ നല്‍കുകയാണ്. ഇന്ത്യയിലാകെ ഇപ്പോള്‍ 12 കോടിയാണ് ബിജെപി അംഗസംഖ്യ. 2020 ല്‍ 100 കോടി അംഗങ്ങള്‍ എന്നതാണ് ദേശീയ അധ്യഷന്‍ അമിത്ഷാ ലക്ഷ്യമിടുന്നത്. ബിജെപിയില്‍ അംഗത്വമെടുക്കാനുള്ള മൊബൈല്‍ ക്യാംപെയിനായി മിസ്‌കോള്‍ അടിക്കേണ്ട നമ്പരിന്റെ അവസാനം 2020 ആയത് അങ്ങനെയാണ്.

curtesy: MANORAMA ONLINE

© 2024 Live Kerala News. All Rights Reserved.