വെബ് ഡെസ്‌ക്
സുദീര്‍ഘമായ ജനവാസചരിത്രമുള്ളപ്രദേശമാണ് അട്ടപ്പാടി. മഹാശിലായുഗകാലഘട്ടത്തിന് മുമ്പും ആ പ്രദേശത്ത് ജനവാസമുണ്ടായിരുന്നെന്ന് തെളിവുകളുണ്ട്. മഹാശിലായുഗ കാലഘട്ടം എവിടെനിന്ന് ആരംഭിക്കുന്നതിനെ കുറിച്ച് ചരിത്രഗവേഷകര്‍ക്കിടയില്‍ അഭിപ്രായസമന്വയമില്ളെങ്കിലും, ബി.സി മൂന്നാം നൂറ്റാണ്ടില്‍ തുടങ്ങുന്നുവെന്ന് പറയാം. അട്ടപ്പാടിയില്‍ 12 സ്ഥലങ്ങളില്‍നിന്ന് കണ്ടെടുത്ത മഹാശിലായുഗ തെളിവുകളായ ശവക്കല്ലറകള്‍, മെന്‍ഹിര്‍ (കുടക്കല്ല്), നന്നങ്ങാടികള്‍, വീരക്കല്ലുകള്‍ തുടങ്ങിയവ ശാസ്ത്രീയമായി പരിശോധിച്ചാല്‍ അട്ടപ്പാടിയുടെ ജനവാസചരിത്രം മനസ്സിലാക്കാം. മഹാശിലായുഗത്തിലെ മെന്‍ഹിറുകള്‍ക്ക് 3000 വര്‍ഷത്തിലധികം പഴക്കമുണ്ട്. അട്ടപ്പാടിയില്‍നിന്ന് അഞ്ച് മെന്‍ഹിര്‍ ഇപ്പോള്‍ കണ്ടത്തെിയിട്ടുണ്ട്. അതുകൊണ്ട് അട്ടപ്പാടിയില്‍ ജനവാസത്തിന്ചുരുങ്ങിയത് മൂവായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പറയാം. വയനാടന്‍ ജനവാസചരിത്രംപോലെ, മറയൂര്‍ജനവാസചരിത്രംപോലെ ഗവേഷകവിദ്യാര്‍ഥികളും സാധാരണക്കാരും മനസ്സിലാക്കേണ്ടതാണ് അട്ടപ്പാടിയുടെയും ജനവാസചരിത്രം.
അട്ടപ്പാടിയെന്ന വാക്കിന്‍െറ ഉല്‍പത്തിയെക്കുറിച്ചും അര്‍ഥത്തെക്കുറിച്ചുമുള്ള സത്യാവസ്ഥ ആര്‍ക്കുമറിയില്ല. പാലക്കാടിന്‍െറ സ്ഥലനാമചരിത്രത്തില്‍ വാലത്ത് (1986) പറയുന്നത് അട്ടപ്പാടിയുടെഅര്‍ഥം ഉയര്‍ന്ന വാസസ്ഥലമെന്നും അട്ടനേമിനാഥന്‍െറ (ജൈനമതസന്യാസിയുടെ) വാസസ്ഥലമെന്നും ഇടതൂര്‍ന്ന (ഇരുണ്ട) വനനിബിഢമായ സ്ഥലമെന്നുമാണ്. ബഹുഭൂരിപക്ഷ ആളുകളുടെയും ധാരണ അട്ടപ്പാടിയെന്നാല്‍ അട്ടകളുടെ വാസസ്ഥലമെന്നാണ്. അട്ടപ്പാടിയില്‍ മാത്രമല്ല, പശ്ചിമഘട്ടത്തിലുടനീളം മഴക്കാലത്ത് അട്ടയുണ്ടാകും. അവിടെയൊന്നും അട്ടപ്പാടിയെന്നുപേരുള്ളഊരും സ്ഥലവുമില്ല. ബുക്കാനനും (1807) ലോഗനും (1887) ഫ്രാന്‍സിസും (1908) അട്ടപ്പാടിയെന്നെഴുതിയത് കൊണ്ടാകാം ആളുകള്‍ക്ക് അട്ടപ്പാടിയെന്നാല്‍ അട്ടകളുടെ വാസസ്ഥലമെന്നതെറ്റിദ്ധാരണയുണ്ടായത്. ഈ തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ടതാണ്.
അട്ടപ്പാടിയില്‍ ആദ്യമത്തെിയവരാണ്കുറുംബരെന്നത് ശരിയല്ല. ഇന്ന് അട്ടപ്പാടിയില്‍ ജീവിക്കുന്ന സാമൂഹികവിഭാഗങ്ങളില്‍ ആദ്യമത്തെിയവരാണ് കുറുംബര്‍. നരവംശ ശാസ്ത്രഗവേഷകര്‍ പറയുന്നത് കുറുംബര്‍ അട്ടപ്പാടിയിലത്തെിയത് എ.ഡി ഏഴാംനൂറ്റാണ്ടിന്‍െറ അവസാനത്തിലെന്നാണ്. അതിനുശേഷം ഏകദേശം എട്ടുനൂറ്റാണ്ട് കഴിഞ്ഞാണ് മുഡുഗര്‍ അട്ടപ്പാടിയിലത്തെിയത്. പിന്നെയുംരണ്ടുനൂറ്റാണ്ട് കഴിഞ്ഞാണ് ഇരുളര്‍ ആപ്രദേശത്തുവന്നത്. അട്ടപ്പാടിയില്‍ ആദ്യമത്തെിയതാരെന്ന് ആര്‍ക്കുമറിയില്ല. പ്രാചീനകാലത്തെയും മഹാശിലായുഗകാലത്തെയും തെളിവുകള്‍ അട്ടപ്പാടിയിലുണ്ട്. അത് ശാസ്ത്രീയമായി പരിശോധിച്ചാല്‍ അട്ടപ്പാടിയില്‍ സ്ഥിരതാമസമാക്കിയ മനുഷ്യര്‍ പ്രാചീന ദ്രാവിഡന്മാരായിരുന്നോയെന്ന്! വ്യക്തമാകും. അട്ടപ്പാടിയില്‍ കാവേരി-ഭവാനി നദീതടസംസ്കാരത്തിന്‍െറ സാധ്യതകളും അന്വേഷിക്കേണ്ടതുണ്ട്.
അട്ടപ്പാടിയില്‍ ജൈനമതത്തിന്‍െറ സ്വാധീനമുണ്ടെന്ന് ഗവേഷകര്‍പറയുന്നുണ്ട്. അട്ടപ്പാടിയെന്ന പേരുതന്നെ ജൈനമതസന്ന്യാസിയായ അട്ടനേമിനാഥനില്‍നിന്നുമാണെന്ന് പറയപ്പെടുന്നു. അട്ടപ്പാടിയിലെ മല്ലീശ്വരമുടി ജൈനമതവുമായി ബന്ധപ്പെട്ടതാണെന്ന പ്രബലമായൊരുവാദവുമുണ്ട്. പക്ഷേ, ശാസ്ത്രീയമായ തെളിവുകളില്ല. ഹിന്ദുമതവിശ്വാസങ്ങളും ആചാരങ്ങളും അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടയില്‍ ശക്തമാണ്. മല്ലീശ്വരമുടിയിലെ ശിവാരാധന(ശിവരാത്രിആഘോഷം) വളരെ പ്രസിദ്ധമാണ്. ക്രിസ്ത്യന്‍ മിഷനറി ഫാദര്‍ ജാകാം ഫെറിയാറ എ.ഡി 1602-1603ല്‍നീലഗിരിയിലും അട്ടപ്പാടിയിലുമെല്ലാംസഞ്ചരിച്ചതായി നരവംശശാസ്ത്ര പഠനങ്ങളിലുണ്ട്. ടിപ്പുസുല്‍ത്താന്‍െറ പടയോട്ടക്കാലത്താണ് ഇസ്ലാംമതത്തിന്‍െറ സ്വാധീനം അട്ടപ്പാടിയിലുണ്ടാകുന്നത്. ആനക്കട്ടിയിലെ മെന്‍ഹിറിനെക്കുറിച്ച് ആളുകള്‍ പറയുന്നത് ടിപ്പുവിന്‍െറ പടയോട്ടസമയത്ത് ആനയെകെട്ടിയിരുന്നകല്ലാണെന്നാണ്. അങ്ങനെയാണ് ആനക്കട്ടിയെന്ന പേരുവന്നതെന്ന് ആളുകള്‍ പറയുന്നു. ഇതൊരു തെറ്റിദ്ധാരണയാകാനാണ് സാധ്യത.
എ.ഡി 18ാം നൂറ്റാണ്ടുവരെ അട്ടപ്പാടി വിവിധരാജവംശങ്ങളുടെ അതായത്, ചേര, ചോള, പാണ്ട്യ, കൊന്‍ഗു (മൈസൂര്‍), വിജയനഗര, സാമൂതിരിരാജവംശങ്ങളുടെ അധീനതയിലായിരുന്നു. പിന്നീട് അട്ടപ്പാടി ബ്രിട്ടീഷുകാരുടെ കീഴിലായി. ഇക്കാലത്താണ് ജന്മിത്വം അട്ടപ്പാടിയില്‍ വളരെ ശക്തിപ്രാപിക്കുന്നത്. അന്നുതൊട്ടാണ് അട്ടപ്പാടിയുടെ ആധുനികചരിത്രവും ആദിവാസികള്‍ക്ക് അസ്വസ്ഥതയുടെകാലവും ആരംഭിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തോടെ അട്ടപ്പാടിജന്മിത്വത്തില്‍നിന്ന് പാശ്ചാത്യ മുതലാളിത്തസമ്പദ്വ്യവസ്ഥയിലേക്കുള്ള പ്രയാണംതുടങ്ങി. ഇതേക്കുറിച്ചുള്ള ഇരുളരുടെ ഒരുപാട്ടിന്‍െറ അര്‍ഥംനോക്കൂ. അട്ടപ്പാടിയില്‍ ബ്രിട്ടീഷുകാരുടെ ആഗമനം, റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍. വിശ്രമമില്ലാതെ അത്യധ്വാനംചെയ്യുന്ന തൊഴിലാളികള്‍. അവരുടെപങ്കപ്പാടുകള്‍. പച്ചപ്പരിഷ്കാരത്തിന്‍െറമിന്നലാട്ടം. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പച്ചപ്പരിഷ്കാരം അട്ടപ്പാടിയെ ദോഷകരമായി ബാധിച്ചെന്നാണ് ആദിവാസികള്‍ വിലയിരുത്തിയത്. കാരണം, അട്ടപ്പാടി വനമേഖലയില്‍നിന്ന് വ്യാപകമായതോതില്‍ തോട്ടവിളകളുംമറ്റു കാര്‍ഷികോല്‍പന്നങ്ങളും കടത്തിക്കൊണ്ടുപോയി വെള്ളക്കാര്‍. കൂടാതെ, ആദിവാസി സ്ത്രീകള്‍ക്കുനേരെ ബ്രിട്ടീഷുകാര്‍ അതിക്രമംകാട്ടി. തമിഴ്നാട്ടിലെരാമനാഥപുരം ജില്ലയിലുള്ള ഒരു ഇരുളപെണ്‍കുട്ടിയെ ഒരുവെള്ളക്കാരന്‍ മദ്രാസിലേക്ക് തട്ടിക്കൊണ്ടുപോയി (ചന്ദ്രമോഹനന്‍ 2007). മാറ്റകൃഷി നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
തമിഴന്മാരുടെയും ഗൗഡകളുടെയും കുടിയേറ്റം അട്ടപ്പാടിയില്‍ ശക്തിപ്രാപിച്ചത് ടിപ്പുസുല്‍ത്താന്‍െറ പതനത്തിനുശേഷമാണ്. എ.ഡി 1807ല്‍ ഫ്രാന്‍സിസ്ബുക്കാനന്‍ അട്ടപ്പാടിയിലൂടെ സഞ്ചരിച്ചപ്പോള്‍ തമിഴരെയും ഗൗഡകളെയും അട്ടപ്പാടിയില്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം 100 കൊല്ലം കഴിഞ്ഞാണ് മലയാളികള്‍ അട്ടപ്പാടിയിലത്തെുന്നത്. പക്ഷേ, മലയാളികളുടെ കുടിയേറ്റം വ്യാപകമാകുന്നത് 1930നു ശേഷമാണ്. 1937ലും 1938ലും മദ്രാസ് സര്‍ക്കാര്‍ രണ്ട് തമിഴ് പ്രൈമറിസ്കൂളുകള്‍ പുതൂരിലും ഷോലയൂരിലും സ്ഥാപിച്ചു. ഇതുകൊണ്ട് ആദിവാസികള്‍ക്ക് വലിയ പ്രയോജനമൊന്നുമുണ്ടായില്ല.
സ്വാതന്ത്ര്യാനന്തരം 1948ല്‍ ഷോലയൂരില്‍ ആദ്യത്തെ പോസ്റ്റ്ഓഫിസ് പ്രവര്‍ത്തനം തുടങ്ങി. 1956ല്‍ അട്ടപ്പാടിയെ മണ്ണാര്‍ക്കാട് കമ്യൂണിറ്റിവികസന ബ്ളോക്കിന്‍െറ ഭാഗമാക്കി. 1960ല്‍ മണ്ണാര്‍ക്കാട്ടുനിന്ന് അഗളിയിലേക്ക് ബസ് സര്‍വിസ്തുടങ്ങി. പിന്നീടത് മണ്ണാര്‍ക്കാട്ടുനിന്ന് ആനക്കട്ടിവരെ നീട്ടി. 1962ല്‍ അട്ടപ്പാടി പഞ്ചായത്ത് നിലവില്‍വന്നു. 1963ല്‍ അട്ടപ്പാടിയെ ട്രൈബല്‍ വികസന ബ്ളോക്കായി പ്രഖ്യാപിച്ചു. അഗളിയില്‍ സര്‍ക്കാര്‍ ആശുപത്രി സ്ഥാപിച്ചു. 1970ല്‍ ഭൂപരിഷ്കരണനിയമം നടപ്പാക്കി. 1975ല്‍ സംയോജിത ട്രൈബല്‍ വികസന പ്രോജക്ട് വന്നു. 1979ല്‍ ഐ.സി.ഡി.എസ് ആരംഭിച്ചു.1990കളില്‍ അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടയില്‍ വലിയതോതില്‍ പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1995ല്‍ അഹാഡ്സിന്‍െറ തുടക്കം. 2001 മുതല്‍ 2010 വരെ അഹാഡ്സ് പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ 2006ല്‍ ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിവന്നു. ഇതെല്ലാമുണ്ടായിട്ടും അട്ടപ്പാടിയില്‍ ആദിവാസികളില്‍ ഭൂരിഭാഗവും ഇന്നും ദരിദ്രരായിതുടരുന്നു. പട്ടിണിശിശുമരണങ്ങള്‍ കൂടുന്നു. കാരണം, വികസനപ്രവര്‍ത്തനങ്ങളില്‍ ആദിവാസികളുടെ ഉള്‍ച്ചേരല്‍നടന്നിട്ടില്ല. കഴിഞ്ഞ 200 വര്‍ഷമായി ആദിവാസികളെ ഒഴിവാക്കിക്കൊണ്ടും ദ്രോഹിച്ചുകൊണ്ടുമുള്ള പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടിയില്‍നടക്കുന്നു.
ബ്രിട്ടീഷുകാരുടെ കാലംമുതല്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ മനുഷ്യത്വരഹിതമായ (മുതലാളിത്ത) പച്ചപ്പരിഷ്കാരത്തെ എതിര്‍ത്തിരുന്നു. കാരണം, ബ്രിട്ടീഷുകാരുടെ പ്രവൃത്തികള്‍ ആദിവാസികളുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് അട്ടപ്പാടിയിലെ ആദിവാസികള്‍ മനസ്സിലാക്കിയിരുന്നു. ആദിവാസികള്‍ ദീര്‍ഘവീക്ഷണം ചെയ്തതുപോലെസംഭവിച്ചു. അട്ടപ്പാടിയിലെ ആദിവാസികള്‍ രൂക്ഷമായി
പാര്‍ശ്വവത്കരിക്കപ്പെട്ടു. പരമ്പരാഗത ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടു. കാടും നദിയും മണ്ണും നഷ്ടപ്പെട്ടു. ഒരുകാലത്ത് നിരവധി ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, കാട്ടുകിഴങ്ങുകള്‍, ഇറച്ചികള്‍, മീനുകള്‍, ശുദ്ധമായജലം, വായു, കാലാവസ്ഥ, ഇഷ്ടംപോലെ കൃഷിഭൂമി, നല്ലമഴ, പാട്ടുകള്‍, നൃത്തങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ഊര്കൂട്ടങ്ങള്‍, തനത് വിജ്ഞാനങ്ങള്‍, നാട്ടുമരുന്നുകളുമായികഴിഞ്ഞിരുന്ന സമൂഹം എന്നിവ തകര്‍ന്നടിഞ്ഞു. വികസിപ്പിക്കാനെന്നപേരില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍നടത്തിയ പദ്ധതികളും പരിപാടികളും ആദിവാസികളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. ഇതിന്‍െറയെല്ലാം അനന്തരഫലമാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന പട്ടിണിയും ആരോഗ്യപ്രശ്നങ്ങളും ശിശുമരണങ്ങളുമെല്ലാം. പഴയ ബ്രിട്ടീഷ് മനോഭാവത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും ആദിവാസിഅവഗണനയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളുമാണ് ഇന്നുംതുടരുന്നത്. ഇതിലൊരു മാറ്റംവരുമ്പോള്‍ അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് നല്ലകാലംവരുമെന്ന് പ്രതീക്ഷിക്കാം.