2013ല്‍ ഇന്ത്യന്‍ ജവാന്റെ തലയറുത്ത പാക് ഭീകരനെ സുരക്ഷാസേന വധിച്ചു

 

ന്യൂഡല്‍ഹി: 2013ല്‍ ഇന്ത്യന്‍ സൈനികന്റെ തലയറുത്ത പാക് ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്‌കറെ ത്വയിബയുടെ ഡിവിഷനല്‍ കമാന്‍ഡറായ അന്‍വര്‍ ഫായിസിനെയാണ് തിങ്കളാഴ്ച ജമ്മു കശ്മീരിലെ രജൗറിയില്‍ വച്ച് സുരക്ഷാ സേന കൊലപ്പെടുത്തിയത്. ലാന്‍സ് നായിക് ഹേംരാജിനെ കൊലപ്പെടുത്തിയ ശേഷം തലയറുത്തുമാറ്റിയ നടപടി രാജ്യാന്തരതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. 2013 ജനുവരി എട്ടിനാണ് രാജ്യത്തെ നടുക്കിയ സംഭവം. സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വിഡിയോയില്‍ നിന്ന് അന്‍വര്‍ ഫായിസിനെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറില്‍പ്പെട്ട കൃഷ്ണഘടിയില്‍ ഛത്രി, ആത്മ പോസ്റ്റുകള്‍ക്കു മധ്യേ നിയന്ത്രണരേഖയോടു ചേര്‍ന്നു പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിലെ ലാന്‍സ്‌നായിക്കുമാരായ ഹേംരാജ്, സുധാകര്‍ സിങ് എന്നിവരെ പാക്ക് സൈനികരും ഭീകരരും ചേര്‍ന്നു വധിച്ചത്. ഹേംരാജിന്റെ തലയറുത്തുമാറ്റുകയും സുധാകര്‍ സിങ്ങിന്റെ മ!ൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയായില്‍ പ്രചരിച്ചിരുന്നു.

കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യയിലേക്കു കടക്കാനായി മറ്റു രണ്ട് ഭീകരര്‍ക്കൊപ്പം എത്തിയപ്പോഴാണ് ഫായിസിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യന്‍ സേന വധിച്ചത്. എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇന്ത്യന്‍, പാക്കിസ്ഥാന്‍ നോട്ടുകള്‍, മൈനുകള്‍, മൊബൈലുകള്‍ തുടങ്ങിയവയും ഇവരില്‍ നിന്ന് കണ്ടെത്തി.

1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെയും സംഘത്തിന്റെയും മൃതദേഹങ്ങള്‍ പാക്ക് സൈന്യം വികൃതമാക്കിയതു വന്‍ വിവാദമായിരുന്നു.