നാഗാലാന്‍ഡിലെ സൈനിക നടപടിയില്‍ ഏഴ് തീവ്രവാദികളെ വധിച്ചു

കൊഹിമ: നാഗലാന്‍ഡില്‍ ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ എന്‍ എസ് സി എന്‍ കെയുടെ (നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ഖാപ്‌ലങ്) തീവ്രവാദികളായ ഏഴുപേരെ വധിച്ചു. രണ്ടു സാധാരണക്കാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഫേക്ക് ജില്ലയിലെ അവാന്ഖു മേഖലയില്‍ ബുധന്‍ രാത്രിയായിരുന്നു ആക്രമണം. സൈന്യത്തിന്റെ 12 പാരാ കമാന്‍ഡോകളും 46 അസം റൈഫിള്‍സ് വിഭാഗവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.

എന്‍ എസ് സി എന്‍ കെ തീവ്രവാദികളാണ് ആദ്യം ആക്രമണം നടത്തിയത്. സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം തുടര്‍ന്നു. സൈനിക ഉദ്യോഗസ്ഥന് കാലില്‍ വെടിയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. എകെ സീരിസിലുള്ള രണ്ട് റൈഫിലുകളും വന്‍ ആയുധശേഖരവും കണ്ടെത്തി.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മാര്‍ച്ചിലാണ് തീവ്രവാദികള്‍ ആദ്യം ആക്രമിച്ചത്. ജൂണില്‍ മണിപ്പൂരില്‍ സൈനിക വ്യൂഹത്തെ ആക്രമിച്ച സംഭവത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 11 പേര്‍ക്കു പരുക്കേറ്റിരുന്നു. നാല് ദിവസങ്ങള്‍ക്കുശേഷം മ്യാന്‍മറിലെത്തി ഇന്ത്യന്‍ സൈന്യം നടത്തിയ പ്രഹരത്തില്‍ അന്‍പതോളം തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.