കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് വൈദികനെന്ന് ഡിഎൻഎ ഫലം

കണ്ണൂര്‍ : കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധനയുടെ ഫലം വന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ. റോബിന്‍ വടക്കുംചേരിയാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. മുഖ്യപ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്. ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.പീഡന കേസില്‍ പ്രതി ഫാദര്‍ റോബിനെതിരെ ലഭിച്ച പതിയ തെളിവുകള്‍ പൊലീസിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്കു ശക്തിപകരുമെന്നാണ് വിലയിരുത്തല്‍. വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലാണ് പ്രസവിച്ചത്. പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുട്ടിയെ ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.