കൊട്ടിയൂര്‍ പീഡനക്കേസില്‍ മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി;കീഴടങ്ങിയത് ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍സി മാത്യു, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദര്‍ അലി, ഗൈനക്കോളജിസ്റ്റ് ഡോ. ടെസ്സി ജോസ്

കൊട്ടിയൂര്‍: വൈദികന്‍ പീഡിപ്പിച്ച് പതിനാറുകാരി പ്രസവിച്ച കേസില്‍ മൂന്നുപേര്‍ കൂടി കീഴടങ്ങി.തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍സി മാത്യു, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദര്‍ അലി, ഗൈനക്കോളജിസ്റ്റ് ഡോ. ടെസ്സി ജോസ് എന്നിവരാണ് കീഴടങ്ങിയത്. പേരാവൂര്‍ സി.ഐക്ക് മുമ്പാകെ രാവിലെ 6.35ഓടെയാണ് ഇവര്‍ കീഴടങ്ങിയത്. ഇതോടെ പത്ത് പ്രതികളില്‍ കീഴടങ്ങിയവരുടെ എണ്ണം എട്ടായി.പിരിച്ചുവിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം, അംഗമായ ഡോ. സിസ്റ്റര്‍ ബെറ്റി ജോസഫ്, വൈത്തിരി അനാഥാലയം മേധാവി സിസ്റ്റര്‍ ഒഫീലിയ, സഹായി തങ്കമ്മ എന്നിവരാണ് നേരത്തെ കീഴടങ്ങിയത്. കേസിലെ ഒന്നാംപ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരി നേരത്തെ പൊലീസ് പിടിയിലായിരുന്നു. മുന്‍പ് കീഴടങ്ങിയ അഞ്ചുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും.

© 2024 Live Kerala News. All Rights Reserved.