കൊട്ടിയൂര്‍ പീഡനം;ഫാദര്‍ തോമസ് തേരകവും രണ്ട് കന്യാസ്ത്രീകളും കീഴടങ്ങി; കീഴടങ്ങിയത് പേരാവൂര്‍ സിഐയ്ക്ക് മുന്നില്‍

പേരാവൂര്‍: കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും പൊലീസിനു മുമ്പില്‍ കീഴടങ്ങി. കേസിലെ ഒന്‍പതാം പ്രതിയാണ് തേരകം. പേരാവൂര്‍ സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് മൂവരും കീഴടങ്ങിയത്.വയനാട് ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനാണ് ഫാദര്‍ തേരകം. സിഡബ്ല്യുസി മുന്‍ അംഗമാണ് സിസ്റ്റര്‍ ബെറ്റി ജോസഫ്. ഫാ. തേരകം ഉള്‍പ്പെടെ നാല് പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. അനാധാലയം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങി. വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് കീഴടങ്ങിയ ഒഫീലിയ. കൂടുതല്‍ പേര്‍ കീഴടങ്ങുന്നതിനായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അഞ്ചു ദിവസത്തിനകം കീഴടങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്ന ദിവസം പൂര്‍ത്തിയായിരിക്കെ കുട്ടിയെ വൈത്തിരി അനാഥായത്തില്‍ എത്തിച്ച സ്ത്രീയും കീഴടങ്ങിയേക്കുമെന്നാണ് വിവരം.സിസ്റ്റര്‍ ബെറ്റിക്കെതിരേ ഗൂഡാലോചന കേസാണ് ചുമത്തിയിരിക്കുന്നത്. പ്രായവും പദവിയും പരിഗണിച്ച് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം. കൂടുതല്‍ പേരും ഉടന്‍ കീഴടങ്ങുമെന്നാണ് വിവരം. ഉടന്‍ തന്നെ ഇവരെ കോടതിയില്‍ ഹാജരാക്കി മറ്റു നടപടികളിലേക്ക് നീങ്ങുകയാണ് പോലീസ്.പീഡനത്തെത്തുടര്‍ന്ന് പതിനാറു കാരി പ്രസവിച്ച കുട്ടിയെ ശിശു മന്ദിരത്തില്‍ കൊണ്ടു വന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചില്ല എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

© 2024 Live Kerala News. All Rights Reserved.