മിഷേലിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ലഭിച്ചത് ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍; വീഡിയോ കാണാം

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ ഷാജിയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.ഗോശ്രീപാലത്തിലേക്ക് മിഷേല്‍ ഒറ്റക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്‌ലാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി. മരണം ആത്മഹത്യ ആണെന്ന പൊലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യം. ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും നടക്കുന്ന രീതിയും വെച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പൊലീസ് ഉറപ്പിച്ചത്.നേരത്തെ, മിഷേലിനെ പോലെ തോന്നിക്കുന്ന പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ വെച്ച് കണ്ടെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു.

 

കടപ്പാട്: മാതൃഭൂമി ന്യൂസ്

 

 

കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജി, രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അടുപ്പമുണ്ടായിരുന്ന ക്രോണിന്‍ അലക്‌സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മിഷേല്‍ രാത്രിയോടെ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തത്. സിസിടിവിയില്‍ ഏഴു മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാര്‍ഥസമയം 7.20 നോട് അടുപ്പിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കലൂര്‍ പള്ളിയില്‍ നിന്ന് ആറുമണിക്ക് ശേഷം പുറത്തിറങ്ങിയ മിഷേല്‍ നടന്നുപോകുന്നതിന്റെ ചലനങ്ങളും പുതിയ ദൃശ്യങ്ങളിലെ ചലനങ്ങളും നിരീക്ഷിച്ചാണ് നടക്കുന്നത് മിഷേല്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്.ഇതിന് സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.കലൂര്‍ പള്ളിയല്‍നിന്ന് മിഷേല്‍ എങ്ങനെ ഗോശ്രീ പാലത്തിലേക്കെത്തി എന്നത് വിശദീകരിക്കാന്‍ പൊലീസിന് സാധിക്കാത്തത് വിമര്‍ശനമുയര്‍ത്തിയിരുന്നു. ക്രോണിന്‍ അലക്‌സാണ്ടറുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫോണിലെ മായിച്ചു കളഞ്ഞ സന്ദേശങ്ങള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം.അതേസമയം, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ മാതാവ് സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.