മിഷേലിന്റെ മരണം; ആത്മഹത്യ ചെയ്തതെന്ന പോലീസ് വാദം വീട്ടുകാര്‍ തള്ളി;ആത്മഹത്യയെങ്കില്‍ കാരണം വ്യക്തമാക്കണമെന്ന് കുടുംബം

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടേത് ആത്മഹത്യയാണെന്ന വാദത്തില്‍ പൊലീസ് ഉറച്ചുനില്‍ക്കുമ്പോള്‍, മിഷേല്‍ ആത്മഹത്യ ചെയ്തുവെന്ന വാദം വീട്ടുകാര്‍ തള്ളി.ആത്മഹത്യയാണെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കണമെന്ന് കുട്ടിയുടെ പിതാവ് ഷാജി വര്‍ഗീസ് ആവശ്യപ്പെട്ടു. കലൂര്‍ പള്ളിയില്‍നിന്ന് ഇറങ്ങിയശേഷം മകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയണം.കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും ഷാജി വര്‍ഗീസ് പറഞ്ഞു. അതുപോലെ തന്നെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെക്കുറിച്ച് അറിയില്ലെന്നാണ് മിഷേലിന്റെ കുടുംബം പറയുന്നത്. ക്രോണിനെക്കുറിച്ച് മകള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്നാല്‍ ക്രോണിനെതിരേ മിഷേലിന്റെ സഹപാഠിയുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയായിരുന്നു മൊഴിയെടുക്കല്‍.സംഭവത്തിലെ ദുരൂഹതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ആക്ഷന്‍ കൗണ്‍സില്‍ പിറവത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. കേസില്‍ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നുണ്ട്. ക്രോണിന്റെ നിരന്തര സമ്മര്‍ദ്ദമാണ് മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

© 2024 Live Kerala News. All Rights Reserved.