മിഷേലിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പൊലീസിന് വീഴ്ചപറ്റിയോയെന്ന് പരിശോധിക്കും;ലാഘവത്വം കാട്ടിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി

കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയില്‍ അനൂപ് ജേക്കബ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും. ലാഘവത്വം കാട്ടിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി..അതിനിടെ, സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിഷേലിനെ കഴിഞ്ഞ കുറച്ചുകാലമായി പിന്തുടര്‍ന്നിരുന്ന തലശേരി സ്വദേശിയേയും ചെന്നൈയില്‍ വിദ്യാര്‍ഥിയായ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.മിഷേല്‍ മുങ്ങി മരിച്ചതാണെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതിനിടെ മിഷേല്‍ ഷാജിയുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യമുയര്‍ത്തി വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കാണാതാകുന്നത്. അന്നു കലൂർ പള്ളിയിൽ പോയ മിഷേൽ ഇവിടെനിന്നു പുറത്തിറങ്ങിയതിനു തെളിവുണ്ട്. പിറ്റേന്നു വൈകിട്ട് ഐലൻഡിലെ വാർഫിനടുത്തു കായലിലാണു മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണു പൊലീസ് പറയുന്നത്. എന്നാൽ, കുടുംബം ഇത് തള്ളി. മിഷേൽ വെള്ളത്തിൽ വീണു മരിച്ചതിന്റെ അടയാളങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണു ആവശ്യം.

© 2024 Live Kerala News. All Rights Reserved.