വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കൃത്രിമ മഴക്ക് സാധ്യത തേടുന്നതായി പിണറായി വിജയന്‍;വരള്‍ച്ച തടയാന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യും; എത്ര പണം ചിലവിട്ടായാലും ജലവിതരണം ഉറപ്പാക്കും;പ്രതിപക്ഷത്തിന്റെ വരള്‍ച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കൃത്രിമ മഴക്ക് സാധ്യത തേടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ക്ലൗഡ് സീഡിങ് വഴിയാണ് കൃത്രിമ മഴയ്ക്ക് സാധ്യത തേടുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.വരള്‍ച്ച തടയാന്‍ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. എത്ര പണം ചെലവിട്ടായാലും ജലവിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.വരള്‍ച്ചാ പ്രശ്‌നം നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം സഭയില്‍ കൊണ്ടു വന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വരള്‍ച്ചയാണ് ഇനി വരാനിരിക്കുന്നത്. ഇത് നേരിടാനായി നടപടികള്‍ എല്ലാം സ്വീകരിക്കുമെന്നും പിണറായിപറഞ്ഞു.അതേസമയം ഇത് ഫലപ്രദമാണെങ്കില്‍ അതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മേഘങ്ങളില്‍ മഴപെയ്യുവാന്‍ വേണ്ടി സൂക്ഷ്മ ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തും. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്.യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ ക്ലൗഡ് സീഡിങ് വഴിയാണ് മഴ പെയ്യിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.