‘ഹിന്ദുസ്ഥാന്‍’ എന്ന പദം വര്‍ഗ്ഗീയമാണെങ്കില്‍ ‘വിജയന്‍’ എന്ന പേരും മാറ്റണം;മുഖ്യമന്ത്രിയോട് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗ്ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തല്‍ ചരിത്രബോധമില്ലാത്തതിനാലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയന്‍ എന്ന സ്വന്തം പേര് മാറ്റാന്‍ തയ്യാറാകണം. വിജയന്‍ എന്നത് അര്‍ജ്ജുനന്റെ പേരാണെങ്കിലും കേള്‍ക്കുമ്പോള്‍ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നത്. അത് പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണെന്നും കുമ്മനം. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിയെ കുമ്മനം രൂക്ഷമായി വിമര്‍ശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഭാരതത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നത് വർഗ്ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തൽ ചരിത്രബോധമില്ലായ്മയിൽ നിന്ന് ഉണ്ടായതാണ്. ഭാരതത്തിന്‍റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പിണറായി പഠിക്കാൻ ശ്രമിക്കണം. കാറൽ മാർക്സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും സമൃദ്ധമായി ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാൻ എന്നാണ്. അദ്ദേഹം രചിച്ച The Historic View of United India എന്ന ഗ്രന്ഥത്തിന്‍റെ ഉറുദു പരിഭാഷക്കുള്ള പേര് ‘ഹിന്ദുസ്ഥാൻ കാ തരീക്കി കാഖാ’ എന്നാണ്. ഇതൊക്കെ മനസ്സിലാക്കിയിരുന്നെങ്കിൽ പിണറായി ഈ ചരിത്ര നിന്ദ നടത്തില്ലായിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവായ എസ് എ ഡാങ്കേ പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല മാർക്സിസ്റ്റ് കൂട്ടായ്മയുടെ പേര് ‘ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ’ എന്നായിരുന്നു എന്ന് പിണറായിക്ക് അറിയുമോ? കാക്കോരി ഗൂഡാലോചന കേസിൽ പ്രതികളാകുമ്പോൾ അഷ്ഫക്കുള്ളാ ഖാനും രാമപ്രസാദ് ബിസ്മില്ലും ചന്ദ്രശേഖർ ആസാദും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയുടെ പ്രവർത്തകരായിരുന്നു എന്ന് അറിയുമോ? ഈ സംഘടന പിന്നീട് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന് പേരു മാറി. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ എതിർക്കാൻ നേതാജി രൂപീകരിച്ച സംഘടനയുടെ പേര് ആസാദ് ഹിന്ദ് ഫൗജ് എന്നായിരുന്നു എന്നെങ്കിലും പിണറായിക്ക് അറിവുണ്ടാകും.
സാരേ ജാഹാൻ സേ അച്ഛാ ഹിന്ദുസിതാ ഹമാരാ എന്ന് ഉറുദുവിൽ പാടിയത് മുഹമ്മദ് ഇക്ബാൽ ആയിരുന്നു. ഇവരൊക്കെ വർഗ്ഗീയവാദികളായിരുന്നോ എന്ന് പിണറായി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് പിണറായി ഈ വിഷം ചീറ്റുന്നത്?

ഹിന്ദുസ്ഥാൻ എന്ന പേരു പോലും വർഗ്ഗീയമാണെന്ന പിണറായിയുടെ പ്രസ്താവന പതിനായിരക്കണക്കിന് വരുന്ന സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനമാണ്. ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ഹൃദയത്തുടിപ്പായി ഏറ്റുവാങ്ങി മാതൃഭൂമിക്ക് വേണ്ടി ജീവിതം ഹോമിച്ചവരെ അവഹേളിച്ച പിണറായി മാപ്പ് പറയണം. ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം. വിജയൻ എന്നത് അർജ്ജുനന്‍റെ പേരാണെങ്കിലും കേള്‍ക്കുമ്പോൾ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നത്. അത് പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണ്. രാജ്യത്തിന്‍റെ പേര് മാറ്റുന്നതിലും എളുപ്പം സ്വന്തം പേര് മാറ്റുന്നതാണല്ലോ? രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള കെൽപ്പ് സ്വന്തം പാർട്ടിക്ക് ഇല്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും!

 

© 2024 Live Kerala News. All Rights Reserved.