തിരുവനന്തപുരം: കൃഷിയും പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി 250 ഏക്കര്‍ നെല്‍വയല്‍ മണ്ണിട്ട് നികത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിനെതിരെ തദ്ദേശീയരുടെ കൂട്ടായ്മയായ വയല്‍ക്കിളികള്‍ 2016 മുതല്‍ സമരപാതയിലാണ്. വളരെയധികം കാര്‍ഷിക-ജൈവ പ്രാധാന്യമുള്ള കൃഷിയിടമാണ് നാലര കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന കിഴാറ്റൂര്‍ – കൂവോട് വയല്‍. നെല്‍കൃഷിയോടൊപ്പം പച്ചക്കറിയും കൃഷി ചെയ്യുന്ന വയലും തോടുകളും കുളങ്ങളും കടുത്ത വേനലിലും ജലസമൃദ്ധിയാല്‍ അനുഗ്രഹീതമാണ്. വയലിനെ ആശ്രയിച്ച് ജീവിക്കുന്ന മിക്ക വീടുകളിലും കാലി വളര്‍ത്തലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ കര്‍ഷകപ്രക്ഷോഭം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും തങ്ങള്‍ക്ക് ലഭിച്ച തിരിച്ചടി മൂടി വയ്ക്കാനും ശ്രമിക്കുന്ന സി.പി.എം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലെ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് തയ്യാറാവുന്നത്. സിംഗൂര്‍ – നന്ദിഗ്രാം കര്‍ഷക പ്രക്ഷോഭങ്ങളില്‍ നിന്നും ഇനിയും പാഠം പഠിക്കാതെ സി.പിഎമ്മിന്റെ വാട്ടര്‍ലൂവായിരിക്കും കീഴാറ്റൂരും വയല്‍ക്കിളികളും. നന്ദിഗ്രാമില്‍ കര്‍ഷകര്‍ക്ക് നേരെ പോലീസും സഖാക്കളും വെടിവെയ്പ്പ് നടത്തിയതിന്റെ 11-ാം വാര്‍ഷികത്തില്‍ കൃഷിഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാന്‍ കീഴാറ്റൂരിലെ ജനങ്ങള്‍ ആത്മാഹൂതിക്കായി മണ്ണെണ്ണയും പെട്രോളും നിറച്ച് പോലീസിനെതിരെ സമരരംഗത്താണ്.