ഒരു ഭീഷണിയും തന്റെയെടുത്ത് വിലപ്പോവില്ല;ഒരു സ്ഥലത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്നത് ഗീര്‍വാണം;ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും തന്റെയെടുത്ത് വിലപ്പോവില്ല.ഒരു സ്ഥലത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്നത് ആര്‍.എസ്.എസിന്റെ ഗീര്‍വാണമാണ്.കാലില്ലാത്ത ആൾ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതു പോലെയാണ് ആർഎസ്എസിന്റെ ഭീഷണിയെന്നും പിണറായി വിജയന്‍  പറഞ്ഞു.മംഗലാപുരത്ത് ആര്‍എസ്എസ് സ്വീകരിച്ചത് ഫാസിസ്റ്റ് നയമാണ്. ഇതിനെതിരെ നല്ല രീതിയിലാണ് മംഗലാപുരത്തെ ആളുകള്‍ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആളുകളെ അതിക്രൂരമായി കൊലപ്പെടുത്തുക എന്നതാണ് ആര്‍.എസ്.എസ് ശാഖകളുടെ ലക്ഷ്യം.ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിര്‍ത്തലാക്കാനുള്ള നിയമനിര്‍മാണം പരിഗണനയിലാണ്. ന്യൂനപക്ഷ വര്‍ഗീയത സംസ്ഥാനത്തുണ്ടെന്നും അത് ശക്തമായി ചെറുക്കുമെന്നും പിണറായി പറഞ്ഞു.ഇന്ത്യയില്‍ ഒരിടത്തും പിണറായി വിജയനെ കാലുകുത്താന്‍ അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.ആര്‍എസ്എസുമായി സമരസപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സുധീരനും കുമ്മനവും ഒരേ വാചകമാണു മുന്നോട്ടുവയ്ക്കുന്നത്. ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന ഒരുപാടു ചോദ്യങ്ങള്‍ വരാനുണ്ട്. അത്തരം ഉപചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനായിരിക്കാം പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയത്. അതോടൊപ്പം അടുത്തൊരു ചോദ്യമുണ്ട്, അതു ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടതാണ്. അയ്യോ… തൊടാനേ പറ്റില്ല എന്ന നിലയില്‍ ഇറങ്ങിപ്പോയതായിരിക്കുമെന്നും പിണറായി പ്രതിപക്ഷത്തെ പരിഹസിച്ചു. ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമ നിര്‍മാണം പരിഗണനയിലാണ്. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്തു നടപടിയെടുക്കാന്‍ സാധിക്കുമെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.