ആക്രമണത്തിന് ഇരയായ നടി ഇന്ന് മാധ്യമങ്ങളെ കാണില്ല; തീരുമാനം പൊലീസിന്റെ നിര്‍ദേശത്തില്‍; പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വൈകിട്ട്; മാധ്യമങ്ങളെ കാണുന്നത് നാളെ

കൊച്ചി: ആക്രമണത്തിന് ഇരയായ യുവനടി ഇന്ന് മാധ്യമങ്ങളെ കാണില്ല. പ്രതികളുടെ തിരിച്ചറിയില്‍ പരേഡിനുശേഷം നാളെ മാധ്യമങ്ങളെ കാണാനാണ് പുതിയ തീരുമാനം. പുതിയ സിനിമയുടെ ലൊക്കേഷനില്‍വച്ച് ഇന്ന് രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് നടി നേരത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങളെ കാണുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് അന്വേഷണ സംഘം നടിയെ ബന്ധപ്പെട്ടിരുന്നു. തിരിച്ചറിയല്‍ പരേഡിന് മുന്‍പായി മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നടി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും.  ആലുവ സബ്ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡായിരിക്കും ഇന്ന് നടത്തുന്നത്. പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഇനി അവരെ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടെന്നാണ് തീരുമാനം. മൂന്ന് മണിക്കായിരിക്കും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രധാന പ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജിയും ഇന്നാണ് പരിഗണിക്കുന്നത്. പ്രതികള്‍ക്കായി അഡ്വ. ബിജു ആന്റണി ആളൂര്‍ ഹാജരാകുമെന്നാണ് അറിയുന്നത്. മുംബൈയിലുളള അദ്ദേഹം ഇന്ന് കൊച്ചിയില്‍ കേസിനായി എത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.