നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിലിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് ബിഎ ആളൂര്‍; സുനിലുമായി ബന്ധപ്പെട്ട ചിലര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാജരാകുന്നതെന്ന് ആളൂര്‍;പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യത്തെ എതിര്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രധാന പ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനുവേണ്ടി അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഹാജരാകും. സുനില്‍ കുമാറുമായി ബന്ധപ്പെട്ട ചിലര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാജരാകാന്‍ സമ്മതിച്ചതെന്ന് ആളൂര്‍ പറഞ്ഞു.പൊലീസിന്റെ കസ്റ്റഡി ആവശ്യത്തെ എതിര്‍ക്കുമെന്നും ആളൂര്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയിലുളള അദ്ദേഹം ഇന്ന് കൊച്ചിയില്‍ കേസിനായി എത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. കേസിനെക്കുറിച്ച് തനിക്ക് പ്രാഥമിക വിവരങ്ങള്‍ മാത്രമെ അറിയുകയുള്ളു എന്നും ആളൂര്‍ പറഞ്ഞു.ഇന്നലെ പ്രതികള്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കോടതി അവധിയായതിനാല്‍ ആലുവയില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതികളെ ഹാജരാക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതികളെ കാക്കനാട് സബ്ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 2011ല്‍ സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്കായി ഹാജരായ വ്യക്തിയാണ് അഡ്വ. ആളൂര്‍.കഴിഞ്ഞവര്‍ഷം ഏറെ വിവാദമുണ്ടാക്കിയ ജിഷ വധക്കേസിലും പ്രതിക്ക് വേണ്ടി ഹാജരായിരുന്നു. ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനിയുമായ രസീല രാജു കൊല്ലപ്പെട്ട കേസിലെ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരന് വേണ്ടി ഹാജരായതും ആളൂരായിരുന്നു.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ സരിത എസ് നായര്‍ വക്കാലത്ത് നല്‍കിയിരിക്കുന്നതും ആളൂരിനാണ്.

© 2024 Live Kerala News. All Rights Reserved.