പള്‍സര്‍ സുനിയെയും വിജേഷിനെയും 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു; ഇരുവരെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി; കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും;കുടുക്കിയതല്ലെന്ന് സുനി

ആലുവ: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. മജിസ്‌ട്രേറ്റിന് മുന്‍പാകെ പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ പത്തുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി നാളെ പരിഗണിക്കും.അതിനിടെ കേസില്‍ കുടുക്കിയതല്ലെന്നും ഞാന്‍ നിങ്ങളുടെ അടുക്കലിലേയ്ക്ക് തന്നെ വരുമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. കുടുക്കിയതാണോ എന്ന് ചോദിച്ചപ്പോഴായിരുന്നു മറുപടി.ഉച്ചയ്ക്ക് 2.30 ഓടെ ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസിട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ശിവരാത്രി പ്രമാണിച്ച് ഇന്ന് കോടതികള്‍ക്ക് അവധി ആയതിനാലാണ്് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ സുനിയുടെയും വിജീഷിന്റെയും മുഖം മറച്ചിരുന്നില്ല.വന്‍സുരക്ഷാ അകമ്പടിയോടെയാണ് പ്രതികളെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ എത്തിച്ചത്. കേസിലെ പ്രതികളായ സുനിയെയും വിജീഷിനെയും വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ കീഴടങ്ങാനെത്തിയ ഇരുവരെയും കോടതി മുറിയില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.