പള്‍സര്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി;മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല; നടിയുമായി സഞ്ചരിച്ച സ്ഥലങ്ങളില്‍ എത്തിച്ചു;ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് സുനി; മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

കൊച്ചി: എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതായി പറഞ്ഞ സ്ഥലത്തും പരിശോധന നടത്തി. എന്നാല്‍ ഫോണ്‍ കണ്ടെടുക്കാനായില്ല. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നും സുനി പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ സഞ്ചരിച്ച വഴിയിലൂടെയാണ് സുനിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. പാലാരിവട്ടം, കാക്കനാട്, വെണ്ണല എന്നിവിടങ്ങളില്‍ പൊലീസ് പ്രതിയെ എത്തിച്ചു.നടിയെ ഇറക്കിവിട്ട സംവിധായകന്‍ ലാലിന്റെ വീടിനു സമീപവും പോലീസ് ഇയാളെ എത്തിച്ചു. പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടുനിന്നു.
ക്വട്ടേഷനാണെന്ന് നടിയോട് പറഞ്ഞത് ഭീഷണിപ്പെടുത്താനാണെന്നാണ് സുനി പറയുന്നത്. ഇന്നലെയാണ് കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും വിജീഷിനെയും പൊലീസ് അറസ്റ്റു ചെയ്തത്. കോടതി മുറിയില്‍നിന്നു ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്. പ്രതികള്‍ ബൈക്കില്‍ കോടതി സമുച്ചയത്തിനു പിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതില്‍ചാടിക്കടന്ന് കോടതിമുറിക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞ സമയമായതിനാല്‍ പ്രതികള്‍ക്ക് കീഴടങ്ങാനായില്ല. ഈ അവസരം പ്രയോജനപ്പെടുത്തി സെന്‍ട്രല്‍ സിഐ എ. അനന്തലാലും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആലുവ പൊലീസ് ക്ലബിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.

© 2024 Live Kerala News. All Rights Reserved.