പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍; മതില്‍ ചാടിയാണ് കോടതിയിലേക്ക് പ്രവേശിച്ചത്; പിടിച്ചത് പ്രതിക്കൂട്ടില്‍നിന്ന്

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍. ടിഎന്‍04 ആര്‍ 1496 നമ്പറിലുള്ള കറുത്ത പള്‍സറിലാണ് കോടതിയിലെത്തിയത്. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപം ബൈക്ക് വച്ചതിനുശേഷമാണ് അവര്‍ കോടതിയിലേക്ക് കടന്നത്. പ്രതികള്‍ മതില്‍ ചാടി കോടതിയിലേക്ക് പ്രവേശിച്ചു.ഹെല്‍മറ്റ് ധരിച്ചാണ് ഇവര്‍ എത്തിയത്.അഭിഭാഷകയ്‌ക്കൊപ്പമെത്തിയ പ്രതികള്‍ കോടതിക്ക് അകത്തേക്ക് ഓടികയറി പ്രതിക്കൂട്ടില്‍ പ്രവേശിച്ചെങ്കിലും പൊലീസ് പിന്നാലെയെത്തി വലിച്ചിറക്കുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോഴാണ് പ്രതികളെത്തിയത്. ആറു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് നാടകീയമായി പിടികൂടിയത്. കീഴടങ്ങനാനെത്തിയ സുനിയേയും വിജീഷിനെയും കോടതിയിലെ പ്രതിക്കൂട്ടില്‍നിന്നാണ് മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.നേരത്തെ തിരുവനന്തപുരത്തുള്ള കോടതിയില്‍ പള്‍സര്‍ സുനി കീഴടങ്ങുമെന്ന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അഭിഭാഷകന്‍ തിരുവനന്തപുരത്തേക്ക് പോയതും പൊലീസ് നിരീക്ഷിച്ചു. അവര്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍വരെ പൊലീസെത്തിയെങ്കിലും പ്രതികള്‍ അവിടെ നിന്നു രക്ഷപെട്ടു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം പദ്ധതി ഉപേക്ഷിച്ച് അഭിഭാഷകന്‍ കൊച്ചിയിലേക്ക് തിരിച്ചുവന്നു.

© 2024 Live Kerala News. All Rights Reserved.