യുവ നടിയെ ആക്രമിച്ച സംഭവം; മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റില്‍; പിടികൂടിയത് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍

കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പൊലീസ്് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തു. മറ്റൊരു പ്രതിയായ വിജേഷിനൊപ്പമാണ് പള്‍സര്‍ സുനി എറണാകുളം  സിജെഎം കോടതിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ കീഴടങ്ങാനെത്തിയത്. ഒന്നേ ഇരുപതോടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ഇടവേളയിലാണ് കോടതിക്കകത്ത് പ്രവേശിച്ച് പോലീസ് പള്‍സര്‍ സുനിയെ ബലമായി അറസ്റ്റ് ചെയ്ത് പുറത്തിറക്കിയത്. പോലീസ് വാഹനത്തിലെത്തിച്ച സുനിയുമായി അന്വേഷണ സംഘം ആലുവയിലേക്ക് തിരിച്ചു.സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നാം തീയതിയിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായ സുനിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കീഴടങ്ങാന്‍ സുനി കോടതിയില്‍ എത്തിയത്. കോടതിയുടെ പിന്‍വാതില്‍ വഴിയാണ് അഭിഭാഷകനൊപ്പം പള്‍സര്‍ സുനിയും വിജേഷും കോടതിക്കകത്ത് പ്രവേശിച്ചത്. ഇതേ സമയം കോടതി ഉച്ചഭക്ഷണത്തിനായി പിരിയുകയും മജിസ്‌ട്രേറ്റ് ചേംബറിലേക്ക് പോവുകയും ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് പോലീസ് കോടതിയില്‍ പ്രവേശിച്ച് സുനിയെയെയും വിജേഷിനെയും ബലമായി പുറത്തിറക്കിയത്. സുനി കീഴടങ്ങാനെത്തുമെന്ന സംശയത്തില്‍ പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ കോടതി പരിസരത്ത് എത്തിയിരുന്നു.പള്‍സര്‍ സുനിയും വിജേഷും രണ്ട് ദിവസം മുമ്പ് തന്നെ കേരളം വിട്ടെന്ന പോലീസ് വാദവും ഇതോടെ പൊളിഞ്ഞു

© 2025 Live Kerala News. All Rights Reserved.