നടിക്കെതിരായ ആക്രമണം;ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല; അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ആലുവ എസ്പി

കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ ഇതുവരെ ചോദ്യംചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി ജോര്‍ജ്. അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേസില്‍ ദിലീപിനെ പൊലീസ് ചോദ്യംചെയ്‌തെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് എസ്.പി. എ.വി. ജോര്‍ജ് വിശദീകരണവുമായി രംഗത്തെത്തിയത്.ഇതെല്ലാം ഗോസിപ്പുകള്‍ മാത്രമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്‌തെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിച്ചിരുന്നു. പിന്നാലെ ഇതിനെതിരെ ശക്തമായ പ്രതിഷേധം എഫ്പി പോസ്റ്റിലൂടെ ദിലീപ് രേഖപ്പെടുത്തിയിരുന്നു. ആലുവയിലെ താമസക്കാരനെന്ന നിലയില്‍ തന്നെ താന്‍ പറയട്ടെ ആ നടന്‍ താനല്ല എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. നടിക്കെതിരായ ആക്രമണവുമായ ബന്ധപ്പെട്ട് ദിലീപിനെ അവഹേളിക്കുന്നത് നിര്‍ത്തണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അമ്മയും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.