ആലുവയിലെ ആ നടന്‍ ഞാനല്ല; എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. ; പേര് വലിച്ചിഴക്കുന്നതില്‍ ഗൂഢാലോചനയെന്ന് ദിലീപ്

കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടു പോയി ആകമിച്ച സംഭവത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്. ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമായ വാര്‍ത്തകളാണെന്ന് ദിലീപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ആലുവയിലെ തന്റെ വീട്ടില്‍ യൂണിഫോമിലോ മപ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.എന്റെ പേര് പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത കൊടുത്ത മാദ്ധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടുമില്ല, ചോദ്യം ചെയ്തിട്ടുമില്ല. എനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിന് പിന്നില്‍ ദിലീപ് പറഞ്ഞു. ആ നടന്‍ ഞാനാണോ എന്ന് നിങ്ങള്‍ പൊലീസിനോട് ചോദിക്കു എന്നും ദിലീപ് പറഞ്ഞു. അതിനു ശേഷം വാര്‍ത്തകള്‍ കൊടുക്കൂ. ആ നടന്‍ ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. ഊഹാപോഹങ്ങള്‍ വെച്ച് വാര്‍ത്തകള്‍ കൊടുക്കരുതെന്നും ദിലീപ് പറഞ്ഞു.