നടിയെ ആക്രമിച്ചവര്‍ക്ക് സി.പി.എം കണ്ണൂര്‍ ലോബിയുമായി അടുത്തബന്ധം;നടിയെ ആക്രമിച്ചയാള്‍ പി.ജയരാജന്റെ അയല്‍വാസി; ഇയാള്‍ സിപിഎം ഗുണ്ടാലിസ്റ്റിലുള്ളയാളാണെന്നും എം.ടി രമേശ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച പ്രതികള്‍ക്ക് സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയുമായി അടുത്തബന്ധമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് എം.ടി രമേശിന്റെ പ്രതികരണം. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി.പി വിജീഷ് തലശ്ശേരി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയില്‍ സ്വദേശിയും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ അയല്‍വാസിയുമാണ്. ഇയാള്‍ സി.പി.ഐ.എമ്മിന്റെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാളാണെന്നും രമേശ് ആരോപിക്കുന്നു. ഇയാളുടെ സഹോദരന്‍ സജിലേഷ് കതിരൂര്‍ മനോജ് വധക്കേസിലെ ഗുഢാലോചനാ കേസില്‍പ്രതിയാണെന്നും രമേശ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിവസം ചെല്ലുന്തോറും ദുരൂഹത കൂടിവരികയാണ്. ചുക്കു ചേരാത്ത കഷായമില്ല എന്നതു പോലെയാണ് കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥ. നിയമവിരുദ്ധമായ എന്തു കാര്യം കേരളത്തിൽ ഉണ്ടായാലും അതിന്റെ ഒരു വശത്ത് ഭരണകക്ഷിയിൽ പെട്ട പ്രമുഖ പാർട്ടിയുണ്ടെന്ന അവസ്ഥ ഭയാനകമാണ്. കൊച്ചി എപ്പിസോഡിലും കഥ വ്യത്യസ്തമല്ല. ക്വട്ടേഷൻ സംഘങ്ങളാണ് അരങ്ങിൽ ഉണ്ടായിരുന്നതെങ്കിൽ സംവിധാനവും തിരക്കഥയുമായി അണിയറയിൽ ഉള്ളത് ഭരണകക്ഷിയിലെ പ്രമുഖൻമാർ തന്നെയാണ്. വിശിഷ്യ കണ്ണൂര് ലോബി.സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി പി വിജീഷ് തലശ്ശേരി കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയിൽ സ്വദേശിയാണ്. അതായത് പി ജയരാജന്റെ അയൽവാസി. സിപിഎമ്മുകാരനാണെന്ന് പറയേണ്ടതില്ലല്ലോ. മാത്രവുമല്ല പാർട്ടിയുടെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാൾ. ഇയാളുടെ സഹോദരൻ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസിൽ പ്രതികൂടിയാണെന്ന് അറിയുമ്പോഴേ ഇയാൾ പാർട്ടിക്ക് എത്ര വേണ്ടപ്പെട്ടവനാണെന്ന് മനസ്സിലാകൂ. നാട് നീളെ വല വിരിച്ച് കാത്തിരിക്കുന്ന പൊലീസിന്റെ മൂക്കിന് കീഴെ എത്തി അഭിഭാഷകനെ കാണാനും സ്വർണ്ണം പണയം വെച്ച് പണം ശേഖരിക്കാനും ഇവർക്ക് കഴിഞ്ഞത് എങ്ങനെയെന്ന് തിരക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതുണ്ടോ? മുഖ്യമന്ത്രിയെ സമാധാനമായി ഭരിക്കാൻ സമ്മതിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്നത് പ്രതിപക്ഷമല്ലെന്ന് പിണറായി തിരിച്ചറിഞ്ഞാൽ കൊള്ളാം. ഗുണ്ടകളെ ഒതുക്കുമെന്ന അങ്ങയുടെ വാഗ്ദാനം നിറവേറ്റാനുള്ള ആദ്യ പരിശ്രമം
തുടങ്ങേണ്ടത് മറ്റെങ്ങുനിന്നുമല്ല സ്വന്തം ജില്ലയിൽ നിന്നും പാർട്ടിയിൽ നിന്നുമാണ്.

© 2024 Live Kerala News. All Rights Reserved.