നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നടന്റെ മൊഴിയെടുത്തു;നടന്റെ കാക്കനാട്ടെ ഫ്‌ലാറ്റില്‍നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ മലയാളത്തിലെ പ്രമുഖ നടന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. നടനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്നലെ രാവിലെ അന്വേഷണസംഘം നടനെ തേടിയെത്തിയത്. കേസിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്റെ മൊഴിയെടുത്തത്. സിനിമാ രംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ ദുരുപയോഗിക്കുന്നതായി നടന്‍ കുറ്റപ്പെടുത്തി.സംഭവദിവസം ചികിത്സയിലായിരുന്ന താന്‍ പിറ്റേന്നു രാവിലെയാണു കാര്യം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുനി, അറസ്റ്റിലായ മാര്‍ട്ടിന്‍ എന്നിവരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായാണു വിവരം.ഇതിനിടെ, സംവിധായകന്‍ കൂടിയായ യുവനടന്റെ കാക്കനാട്ടെ ഫ്‌ലാറ്റില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ ആളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന സുനി പൊലീസിന്റെ കസ്റ്റഡിയിലായതായും സൂചനയുണ്ട്. നടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിലെ ഫൊറന്‍സിക് തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നു പൊലീസിന് ആശങ്കയുണ്ട്. ഇത്തരം കേസുകളില്‍ ആക്രമിക്കപ്പെട്ടയാളുടെ വസ്ത്രങ്ങള്‍, നഖത്തിന്റെ അഗ്രഭാഗം എന്നിവ ശേഖരിക്കണം. എന്നാല്‍ ആക്രമണം നടന്ന അന്നു രാത്രി ഇവ ശേഖരിച്ചില്ല. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആക്രമണം നടക്കുന്നത്. വൈദ്യപരിശോധന നടത്തിയത് പിറ്റേന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു. സംഭവത്തിന്റെ ഗൗരവം പൊലീസ് അറിയിച്ചിട്ടും മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക്, ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പുതന്നെ പാലക്കാട്ട് അറസ്റ്റിലായ തമ്മനം സ്വദേശി മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തില്‍ നേരിട്ടു പങ്കില്ലെന്നും ആള്‍ബലത്തിനു സുനിക്കൊപ്പം കൂടിയെന്നുമാണു മൊഴി. ഉപദ്രവിച്ചവരുടെ കൂട്ടത്തില്‍ ഇയാളില്ലെന്നു നടിയും തിരിച്ചറിഞ്ഞിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.