നടിക്കെതിരായ അക്രമം;പ്രതി ദൈവമാണെങ്കിലും പിടികൂടും; മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും എ.കെ ബാലന്‍

കൊച്ചി:യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിടില്ലെന്നും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എത്ര വമ്പന്‍മാരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാകാത്ത ഒട്ടേറെ പ്രവണതകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മോശം പ്രവണതകളെല്ലാം അവരുടെതന്നെ സഹായത്തോടെ പരിപൂര്‍ണമായും ഇല്ലാതാക്കും. ചലച്ചിത്ര വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പുതന്നെ സിനിമാ മേഖലയിലെ അനാശാസ്യ പ്രവണതകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരും.ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരും. അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ സിനിമാഗുണ്ടാറിയല്‍ എസ്റ്റേറ്റ് മാഫിയയാണ് വാഴുന്നതെന്ന് നടനും എം.എല്‍.എയുമായ ഗണേഷ്‌കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. നിരവധി സ്ത്രീകളെ ആക്രമിച്ച് ഇവര്‍ പണം തട്ടിയിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.