നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍; മണികണ്ഠനെ പിടികൂടിയത് പാലക്കാട് നിന്ന്; രണ്ടുപേര്‍ക്കായി ഊര്‍ജിതം അന്വേഷണം

കൊച്ചി:യുവ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍. പ്രധാന മൂന്നു പ്രതികളിലൊരാളായ മണികണ്ഠനാണ് അറസ്റ്റിലായത്. പാലക്കാട് നിന്നുമാണ് ഇയാളെ പിടികൂടിയത്. തമ്മനം സ്വദേശിയാണ് മണികണ്ഠന്‍. പൊലീസിന്റെ കസ്റ്റഡിയിലുളള മറ്റുരണ്ടുപേര്‍ നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനി, വിജേഷ്, മണികണ്ഠന്‍ എന്നിങ്ങനെ മൂന്നുപേരാണ് നടിയെ ആക്രമിച്ചതെന്നാണ് വിവരം.ഇവര്‍ മൂന്നുപേരും മൂന്നുവഴിക്ക് തിരിഞ്ഞതായിട്ടാണ് പൊലീസ് നല്‍കുന്ന വിവരം. ബാക്കിയുളള രണ്ടുപേര്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തുകയാണ്. യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ വാഹനത്തില്‍ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വാഹനത്തിലുണ്ടായിരുന്ന സലീമും പ്രദീപും നല്‍കിയ മൊഴി. പാലാരിവട്ടത്ത് തങ്ങള്‍ ഇറങ്ങിയതിന് ശേഷമാണ് നടി ആക്രമിക്കപ്പെടുന്നതെന്നും ഇരുവരും മൊഴിയില്‍ പറയുന്നു. തങ്ങള്‍ കാറില്‍ കയറിയത് കളമശേരിയില്‍ നിന്നുമാണെന്നും പാലാരിവട്ടത്ത് ഇറങ്ങിയെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നടി നല്‍കിയ മൊഴിയിലും മൂന്നുപേരാണ് തന്നെ ആക്രമിച്ചതെന്നാണ് പറഞ്ഞത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ന് ഹൈക്കോടതി സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇയാള്‍ക്കായി ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.