തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം;സ്പീക്കറുടെ മേശയും കസേരകളും അടിച്ചു തകര്‍ത്തു;സഭ നിര്‍ത്തി വെച്ചു;രഹസ്യ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം

ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലി തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം.രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ സംഘര്‍ഷം ഉണ്ടായത്.ഡിഎംകെ അംഗങ്ങള്‍ സ്പീക്കറെ ഘെരാവോ ചെയ്തു.സ്പീക്കറുടെ മേശയും കസേരകളും അടിച്ചു തകര്‍ത്തു.പേപ്പര്‍ കീറിയെറിഞ്ഞു. ഒരു മണി വരെ സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. സ്പീക്കര്‍ സഭ ഇറങ്ങിയതോടെ വിശ്വാസവോട്ടെടുപ്പ് തടസ്സപ്പെട്ടു.രഹസ്യവോട്ടെടുപ്പ് വേണമെന്ന ഒ.പനീര്‍ശെല്‍വം പക്ഷത്തിന്റേയും ഡിഎംകെ,കോണ്‍ഗ്രസ് പാര്‍ട്ടികളുടേയും ആവശ്യം തള്ളിയതോടെയാണ് ബഹളം തുടങ്ങിയത്. വോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കില്‍ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുമായാണ് പ്രതിപക്ഷത്തിന്റെയും പനീര്‍സെല്‍വം വിഭാഗത്തിന്റെയും പ്രതിഷേധം.പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവരും പനീര്‍സെല്‍വം വിഭാഗവും രഹസ്യവോട്ടെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് ആവശ്യങ്ങളും സ്പീക്കര്‍ തള്ളിക്കളഞ്ഞു. സഭാനടപടികളെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും സ്പീക്കര്‍ പി.ധനപാല്‍ നിലപാടെടുത്തു.തുടര്‍ന്ന് എം.എല്‍.എമാര്‍ മൈക്ക് വലിച്ചെറിയുകയും സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിയുകയുമായിരുന്നു. മീഡിയാ റൂമിലെ ശബ്ദസംവിധാനവും നീക്കം ചെയ്തിട്ടുണ്ട്.ബഹളം ശക്തമായതോടെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍, പനീര്‍സെല്‍വത്തിന് അനുമതി നല്‍കിയിരുന്നു. എം.എല്‍.എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ചെന്ന് ജനങ്ങളുമായി സംസാരിക്കണമെന്നും അതിനുശേഷം മാത്രമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം ആവശ്യപ്പെട്ടു. ജനങ്ങളുടെ നിലപാട് മനസിലാക്കാന്‍ എം.എല്‍.എമാര്‍ക്ക് അവസരം നല്‍കണം. അതിനുശേഷമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം നിര്‍ദേശിച്ചു.

© 2024 Live Kerala News. All Rights Reserved.