തമിഴ്‌നാട്ടില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; പ്രതീക്ഷയര്‍പ്പിച്ച് പനീര്‍ശെല്‍വവും പളനിസ്വാമിയും; ചെന്നൈ കനത്ത സുരക്ഷയില്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും.പകല്‍ പതിനൊന്നിനാണ് വിശ്വാസവോട്ടെടുപ്പെന്ന് സ്പീക്കര്‍ പി ധനപാല്‍ അറിയിച്ചു. പിന്തുണ തെളിയിക്കാന്‍ പളനിസ്വാമിയും റിസോര്‍ട്ടിലുള്ള എം.എല്‍.എമാര്‍ തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയില്‍ പനീര്‍ശെല്‍വവും നിയമസഭയിലെത്തും. ആകെ 234 അംഗങ്ങളുള്ള നിയമസഭയില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് 233 അംഗങ്ങളാണ് നിലവിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 117 അംഗങ്ങളുടെ പിന്തുണയാണ് സഭയില്‍ ആവശ്യം. പളനിസ്വാനി വിഭാഗത്തിന് 123 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് കണക്കാക്കുന്നത്. പനീര്‍ശെല്‍വത്തിന് പ്രത്യക്ഷ പിന്തുണയുമായി 11 പേരാണ് നിലവിലുള്ളത്. എന്നാല്‍ ഡി.എം.കെയും കോണ്‍ഗ്രസ്, ലീഗ് എന്നീ കക്ഷികളും ശെല്‍വത്തിനനുകൂലമായി വോട്ട് ചെയ്‌തേക്കാം. 89 അംഗങ്ങളുള്ള ഡി.എം.കെയും 8 അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെയും പിന്തുണ പനീര്‍ശെല്‍വത്തിന് ആശ്വാസമേകുന്നതാണ് ലീഗിന്റെ ഒരു എം.എല്‍.എയക്ക് പുറമെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരില്‍ നിന്നുള്ള പിന്തുണയും ശെല്‍വം ക്യാമ്പ് പ്രതീക്ഷിക്കുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംങ് രീതിയായിരുന്നെങ്കില്‍ നയം പരസ്യമാക്കാത്ത എം.എല്‍.എമാര്‍ ശെല്‍വത്തിനു വോട്ട് ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട് നിയമസഭയില്‍ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഇല്ലാത്തതിനാല്‍ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലോ തലയെണ്ണിയോ റോള്‍ കോള്‍ രീതി അനുസരിച്ചോ ആയിരിക്കും വോട്ടിംങ്. അങ്ങിനെയെങ്കില്‍ മുഖ്യമന്ത്രി പളനിസ്വാമിതന്നെ പിന്തുണ തെളിയക്കാനാണ് സാധ്യത. മൂന്നു പതിറ്റണ്ടിന്റെ ഇടവേളയക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.എം.ജി.ആറിന്റെ മരണത്തെത്തുടര്‍ന്ന് 1988 ജനുവരി 23നായിരുന്നു അവസാനമായി തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നിരുന്നത്. തമിഴ്‌നാടിന്റെ ചരിത്രത്തിലെ നാലാമത്തെ വിശ്വാസവോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 1952,1972,1988 വര്‍ഷങ്ങളിലാണ് ഇതിനുമുമ്പ് വിശ്വാസവോട്ടെടുപ്പ് നടന്നത്. വിശ്വാസവോട്ടെടുപ്പിന് മു്‌ന്നോടിയായി ചെന്നൈയിലും പരിസര പ്രദേശക്കും കനത്ത സുരാക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.