തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു; പളനിസാമി വിശ്വാസപ്രമേയം സഭയില്‍ അവതരിപ്പിച്ചു;രഹസ്യവോട്ടെടുപ്പ് നടത്തണമെന്ന ഒപിഎസ് പക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി; സഭയില്‍ പ്രതിപക്ഷ ബഹളം

ചെന്നൈ:തമിഴ്‌നാട് നിയമസഭയില്‍ പളനിസാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു. നിര്‍ണായക സമ്മേളനത്തിനായി എംഎല്‍എമാരെല്ലാം നിയമസഭയിലേക്ക് എത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന വിശ്വാസപ്രമേയം മുഖ്യമന്ത്രി എടപ്പാടി പളനിസാമി സഭയില്‍ അവതരിപ്പിച്ചു. സഭയില്‍ എം.എല്‍.എമാരെ തടവുപുള്ളികളാക്കിയെന്ന് ഡി.എം.കെ ആരോപിച്ചു. ആദ്യം ഒ.പി.എസ് വിഭാഗത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ഡി.എം.കെ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണമുയര്‍ത്തിയും ഡിഎംകെ അംഗങ്ങള്‍ ബഹളംവയ്ക്കുകയാണ്. രഹസ്യവോട്ടെടുപ്പ് നടത്തണമെന്ന ഒപിഎസ് പക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആരോഗ്യകാരണങ്ങളാല്‍ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി സഭയില്‍ എത്തില്ല.അതിനിടെ നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ വാഹനം പ്രവേശനകവാടത്തിന് സമീപം പരിശോധിക്കാനുള്ള നീക്കം ചെറിയ സംഘര്‍ഷത്തിനും കാരണമായി.അതേസമയം, വിശ്വാസവോട്ട് അടുക്കുന്തോറും കൊഴിഞ്ഞുപോകുന്ന എംഎല്‍എമാരുടെ എണ്ണം കൂടുന്നതിന്റെ വേവലാതിയിലാണ് മുഖ്യമന്ത്രി പളനിസാമിയും സംഘവും.

© 2024 Live Kerala News. All Rights Reserved.