കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് അനാവശ്യം; എന്ത് കാര്യത്തിനാണ് സമരമെന്ന് അറിയില്ല;ജീവനക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് അനാവശ്യമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. എന്ത് കാര്യത്തിനാണ് സമരമെന്ന് അറിയില്ല. ജീവനക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏഴാം തീയതി ശമ്പളവും പെന്‍ഷനും നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.സര്‍വീസ് മുടക്കിയുള്ള സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. വ്യാഴാഴ്ച്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്.കോണ്‍ഗ്രസ് സംഘടനായ ടിഡിഎഫും എഐടിയുസിയുടെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയാണ് സമരത്തിലുള്ളത്. സിഐടിയുവിന്റെ കെഎസ്ആര്‍ടിഇഎ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു.സമരം ഒത്തുതീര്‍പ്പാക്കാന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഇന്നലെ സംഘടനകളുടെ യോഗം വിളിച്ചെങ്കിലും പരാജയപ്പെട്ടു. ടിഡിഎഫും സിഐടിയുവും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. ചൊവ്വാഴ്ച്ചക്കുള്ളില്‍ ശമ്പളം നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും കഴിഞ്ഞമാസം നടന്ന ചര്‍ച്ചകളില്‍ ഇതേ തരത്തില്‍ ഉറപ്പ് ലഭിക്കുകയും വീണ്ടും ശമ്പളം മുടങ്ങുകയും ചെയ്തതിനാല്‍ ടിഡിഎഫ് സമരത്തില്‍ ഉറച്ചുനിന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമുടക്കം തുടര്‍ച്ചയാണ്. കഴിഞ്ഞമാസം രണ്ടുതവണയായാണ് ശമ്പളം നല്‍കിയത്. ജനുവരിയിലെ ശമ്പളവും പെന്‍ഷനും ഇനിയും കൊടുത്തുതീര്‍ത്തിട്ടില്ല.

© 2024 Live Kerala News. All Rights Reserved.