ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു;രാജി ലൈംഗികചുവയുള്ള ഫോണ്‍സംഭാഷണം പുറത്തായതിനെ തുടര്‍ന്ന്; പിണറായി മന്ത്രിസഭയിലെ രണ്ടാം രാജി

കോഴിക്കോട്:ലൈംഗിക ചുവയുള്ള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന്  ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.രാജിവയ്ക്കുന്നത് കുറ്റസമ്മതത്തിന്റെ ഭാഗമായിട്ടല്ലെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്നതിനാണ് രാജി. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. സഹായം അഭ്യർഥിക്കുന്നവരോടു നല്ല രീതിയിൽ മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. ഏത് ഏജൻസിയെക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിക്കാം. അതിലൂടെ എനിക്ക് എന്റെ നിരപാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ആരോപണത്തിലെ ശരിതെറ്റുകൾ കണ്ടെത്തണം. പാർട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. ബന്ധുനിയമന വിവാദത്തില്‍ നേരത്തെ ഇപി ജയരാജന്‍ വ്യവസായ വകുപ്പ് രാജിവെച്ച് ഒഴിഞ്ഞിരുന്നു.2016 മെയ് 25നാണ് ശശീന്ദ്രന്‍ പിണറായി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട്ടെ ഏലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ. നിലവില്‍ എന്‍സിപി ദേശീയ പ്രവര്‍ത്തകസമിതി അംഗം.

© 2024 Live Kerala News. All Rights Reserved.